Sunday, January 5, 2025
Kerala

കെ.മുരളീധരന്‍ നേമത്ത്; പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി: ഹൈക്കമാൻ്റ് തീരുമാനം

അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കുമൊടുവിൽ, നേമത്ത് കെ. മുരളീധരൻ എംപി കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നു സൂചന. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുത്തതായാണു വിവരം. മുരളീധരനെ ഡൽഹിയിലേക്കു വിളിപ്പിച്ചു. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽത്തന്നെ മൽസരത്തിനിറങ്ങും. തൃപ്പൂണിത്തുറയിൽ കെ. ബാബുവും കൊല്ലത്ത് ബിന്ദു കൃഷ്ണയും കുണ്ടറയിൽ പി.സി. വിഷ്ണുനാഥും മൽസരിക്കുമെന്നും വിവരമുണ്ട്. ഞായറാഴ്ച ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പട്ടാമ്പി, നിലമ്പൂര്‍ സീറ്റുകളിൽ ശനിയാഴ്ച രാത്രി വൈകിയും തീരുമാനമായില്ല. ഈ സീറ്റുകളിൽ ഒഴികെയുള്ള മണ്ഡലങ്ങളിൽ പ്രഖ്യാപനം ഞായർ രാവിലെ ഉണ്ടാകുമെന്നാണ് സൂചന.

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മൽസരിക്കണമെങ്കിൽ ഹൈക്കമാൻഡിന്റെ പ്രത്യേക അനുമതി വേണമെന്ന് നേരത്തെ നിർദ്ദേശം ഉയർന്നിരുന്നു. അഭിമാനപ്പോരാട്ടത്തിലൂടെ ബിജെപിയിൽ നിന്ന് നേമം പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ മണ്ഡലത്തിൽ ശക്തനായ സ്ഥാനാർഥിയെ തന്നെ രംഗത്തിറക്കുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് മണ്ഡലം അടുത്തിടെ മികച്ച പോരാട്ടത്തിലൂടെ കൈക്കലാക്കിയ കെ.മുരളീധരനെ രംഗത്തിറക്കുന്നതിലൂടെ ബിജെപിക്കെതിരെ നേമത്തും ശക്തമായ പോരാട്ടത്തിനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.

നേമത്തു മൽസരിക്കാൻ സന്നദ്ധനാണെന്നും എവിടെ മൽസരിക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടാലും അനുസരിക്കുമെന്നും മുരളീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉമ്മൻ ചാണ്ടിയെ നേമത്തു മൽസരിപ്പിക്കുമെന്ന വാർത്തകളെത്തുടർന്ന് ശനിയാഴ്ച പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ വീടിനു മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർ, ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽത്തന്നെ മൽസരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, പ്രവർത്തകരുടെ വികാരം മാനിച്ച് പുതുപ്പള്ളിയിൽത്തന്നെ മൽസരിക്കുമെന്നും ഹൈക്കമാൻഡിനു തീരുമാനമെടുക്കാമെന്നും ഉമ്മൻ ചാണ്ടിയും വ്യക്തമാക്കിയിരുന്നു. രണ്ടിടത്തു മൽസരിക്കാനില്ലെന്നു പറഞ്ഞ ഉമ്മൻ ചാണ്ടി, ഞായറാഴ്ചയോടെ ഇക്കാര്യത്തിൽ തീരുമാനമാകുമെന്നും അറിയിച്ചിരുന്നു.

നേമത്ത് കരുത്തനായ ഒരു നേതാവിനെ മൽസരത്തിനിറക്കി കേരളത്തിലാകെ കോൺഗ്രസ് അനുകൂല തരംഗം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവരുടെ പേരുകൾ ഉയർന്നത്. ഉമ്മൻ ചാണ്ടി പിൻമാറിയതിനെ തുടർന്നാണ് ഹൈക്കമാൻഡ് മുരളീധരനോട് മൽസരിക്കാൻ ആവശ്യപ്പെട്ടതെന്നാണ് സൂചന.

എൽഡിഎഫിന്റെ സ്ഥാനാർഥിയായി സിപിഎമ്മിലെ വി.ശിവൻകുട്ടി നേമത്ത് ഇതിനകം പ്രചാരണരംഗത്ത് സജീവമാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിൽ അപ്രതീക്ഷിത മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ ബിജെപി സ്ഥാനാർഥിയായി നിലവിലെ നിയമസഭാംഗം ഒ.രാജഗോപാലിനു പകരം മുൻ സംസ്ഥാന പ്രസിഡന്റു കൂടിയായ കുമ്മനം രാജശേഖരൻ തന്നെയാകും നേമത്ത് രംഗത്തിറങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *