Monday, January 6, 2025
Sports

ഈസ്റ്റ് ബംഗാളിന് രക്ഷയില്ല; മുംബൈയ്ക്കു മുന്നില്‍ തരിപ്പണം: തോല്‍വി 0-3ന്

ഐ ലീഗില്‍ നിന്നും ഐഎസ്എല്ലിലേക്കുള്ള ഈസ്റ്റ് ബംഗാളിന്റെ വരവ് ദുരന്തമായി മാറുകയാണ്. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ബംഗാള്‍ തകര്‍ന്നടിഞ്ഞു. ഇത്തവണ സെര്‍ജിയോ ലൊബേറയുടെ മുംബൈ സിറ്റിയോട് എതിരില്ലാത്ത മൂന്നു ഗോളുകളുടെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ആദ്യ കളിയില്‍ ഡെര്‍ബിയില്‍ എടിക്കെ മോഹന്‍ ബഗാനോടു 0-2നും ബംഗാള്‍ തോറ്റിരുന്നു.

കളിയിലുടനീളം ബംഗാളിനു മേല്‍ ആധിപത്യം പുലര്‍ത്തിയാണ് മുംബൈ ആധികാരിക വിജയം കൊയ്തത്. ആദ്യ പകുതിയില്‍ ഒരു ഗോളിനു ലീഡ് ചെയ്ത മുംബൈ രണ്ടാം പകുതിയില്‍ രണ്ടു തവണ കൂടി വല കുലുക്കി ബംഗാളിന്റെ നേരിയ തിരിച്ചുവരവ് പ്രതീക്ഷ കൂടി ഇല്ലാതാക്കുകയായിരുന്നു. ഇരട്ട ഗോളുകള്‍ നേടിയ ആദം ലാ ഫോണ്ട്രെയാണ് (20, 48) മുംബൈയുടെ ഹീറോ. മൂന്നാം ഗോള്‍ 58ാം മിനിറ്റില്‍ ഹെര്‍നാന്‍ സന്റാനയുടെ വകയായിരുന്നു. രണ്ടു ഗോളുകള്‍ക്കു വഴിയൊരുക്കിയ ഹ്യൂഗോ ബൊമോസാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ബംഗാളിനെതിരേ നേടിയ വിജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു. മൂന്നു മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും ഒരു തോല്‍വിയുമടക്കം ആറു പോയിന്റാണ് മുംബൈയ്ക്കുള്ളത്. എന്നാല്‍ കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റ ബംഗാള്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

കളിയുടെ ആദ്യ വിസില്‍ മുതല്‍ മുംബൈ അറ്റാക്കിങ് മൂഡിലായിരുന്നു. ഒമ്പതാം മിനിറ്റില്‍ ബംഗാള്‍ ഗോളി ദേബ്ജിത്തിന് ആദ്യത്തെ സേവ് നടത്തേണ്ടി വന്നു. ഹ്യൂഗോ ബൊമോസിന്റെ ഗോളെന്നുറപ്പിച്ച ഷോട്ട് ദേബ്ജിത്ത് മുഴുനീളെ ഡൈവ് ചെയ്താണ് രക്ഷപ്പെടുത്തിയത്. 20ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കില്‍ നിന്നും മുംബൈ അക്കൗണ്ട് തുറന്നു. സ്വന്തം ബോക്‌സിന് അരികില്‍ നിന്നും റൗളിന്‍ ബോര്‍ജസിന്റെ ലോങ് ബോള്‍ പിടിച്ചെടുത്ത് ഇടതുവിങിലൂടെ ബോക്‌സിലേക്കു ഓടിക്കയറിയ ബൊമോസ് ഡിഫന്‍ഡറെയും ഗോളിയെയും വെട്ടിയൊഴിഞ്ഞ ശേഷം ബോക്‌സിനു കുറുകെ നല്‍കിയ പാസ് ഒഴിഞ്ഞ വലയിലേക്ക് തട്ടിയിടേണ്ട ചുമതല മാത്രമേ ലാ ഫോണ്ട്രെയ്ക്കു ഉണ്ടായിരുന്നുള്ളൂ.

തുടര്‍ന്നും മുംബൈ തന്നെ ആധിപത്യം പുലര്‍ത്തി. ബംഗാള്‍ താരത്തിനു പലപ്പോഴും പന്ത് തൊടാന്‍ പോലുമായില്ല. പന്തടക്കത്തിലും പാസിങിലുമെല്ലാം അവര്‍ നിരാശപ്പെടുത്തി. രണ്ടാംപകുതിയാരംഭിച്ച് മൂന്നു മിനിറ്റിനകം ബംഗാളിന്റെ മടങ്ങിവരവ് ദുഷ്‌കരമാക്കി മുംബൈ ലീഡുയര്‍ത്തി. ഇടതു വിങില്‍ നിന്നും അഹമമ്മദ് ജാഹു ബോക്‌സിനുള്ളിലേക്കു അളന്നു മുറിച്ചു നല്‍കിയ ക്രോസുമായി മുന്നേറിയ ബൊമോസിനെ ബംഗാള്‍ ഗോളി ദേബ്ജിത്ത് വീഴ്ത്തിയതിനെ തുടര്‍ന്ന് റഫറി പെനല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടി. ഗോളി ദേബ്ജിത്തിനെ നിസ്സഹായനാക്കിക്കൊണ്ട് ലാ ഫോണ്ട്രെ പെനല്‍റ്റി ഗോളാക്കി മാറ്റുകയും ചെയ്തു.

10 മിനിറ്റിനുള്ളില്‍ ബംഗാളിന്റെ നാണക്കേടിന്റെ ആഘാതം കൂട്ടിക്കൊണ്ട് മുംബൈ വീണ്ടും ലക്ഷ്യം കണ്ടു. ജാഹുവിന്റെ ഫ്രീകിക്ക് പിടിച്ചെടുത്ത് ബൊമോസ് വോളിയിലൂടെ വലതു വിങില്‍ നിന്നും ബോക്‌സിനകത്തേക്കു ചെത്തിയിട്ട ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സന്റാന ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയ്ക്കുള്ളിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *