ഹോക്കി ലോകകപ്പില്‍ ജയത്തോടെ തുടങ്ങി ഇന്ത്യ; ആദ്യ മത്സരത്തിൽ സ്പെയിനെ വീഴ്ത്തി (2–0)
ഹോക്കി ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയത്തോടെ തുടക്കം. പൂള്‍ ഡിയില്‍ സ്‌പെയിനിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. അമിത് രോഹിദാസും ഹാര്‍ദിക് സിംഗുമാണ് ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തതത്. മത്സരത്തിൽ രോഹിദാസ് നേടിയ ഗോൾ, ലോകകപ്പ് വേദിയിൽ ഇന്ത്യയുടെ 200–ാം ഗോൾ കൂടിയാണ്. മലയാളി താരം ശ്രീജേഷാണ് ഇന്ത്യയ്ക്കായി ഗോൾവല കാത്തത്.
ഈ വിജയത്തോടെ ഇന്ത്യ പൂള്‍ ഡിയില്‍ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് പോയന്റാണ് ഇന്ത്യയ്ക്കുള്ളത്. ഇംഗ്ലണ്ടാണ് ഒന്നാമത്. ഇംഗ്ലണ്ടിനും മൂന്ന് പോയന്റാണുള്ളത് എന്നാല്‍ ഗോള്‍ വ്യത്യാസത്തില്‍ അവര്‍ മുന്നിലെത്തി. അവസാനം നടന്ന 2018 ലോകകപ്പില്‍ ആറാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇത്തവണ കപ്പ് നേടുക എന്നതാണ് ഇന്ത്യൻ സംഘത്തിന്റെ ലക്ഷ്യം.