Tuesday, April 15, 2025
National

തമിഴ്‌നാട്ടില്‍ 50 പവന്‍ സ്വര്‍ണം കവരാന്‍ രണ്ട് കൊലപാതകം; വെട്ടേറ്റ 12 വയസുകാരന്റെ നില ഗുരുതരം

തമിഴ്‌നാട് ശിവഗംഗയില്‍ മോഷണത്തിനു വേണ്ടി അക്രമി സംഘം രണ്ടു സ്ത്രീകളെ വെട്ടിക്കൊന്നു. സംഭവസ്ഥലത്തുവച്ച് വെട്ടേറ്റ മറ്റൊരു 12 വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. വീട്ടില്‍ നിന്നും അലമാര തകര്‍ത്ത് അന്‍പത് പവന്‍ സ്വര്‍ണവും അക്രമി സംഘം മോഷ്ടിച്ചു.

ദേവക്കോട്ട കണ്ണങ്കോട്ട ഗ്രാമത്തിലെ കുമാറിന്റെ ഭാര്യ വേലുമതി, അമ്മ കനകം അമ്മാള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ കുമാറിന്റെ മകന്‍ മൂവരസ് ദേവക്കോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് സംഭവം. വീട്ടില്‍ കടന്ന അജ്ഞാത സംഘം മൂന്നു പേരെയും അരിവാള്‍കൊണ്ട് വെട്ടുകയായിരുന്നു. ഇവര്‍ നിലത്തു വീണശേഷം, വീട്ടിലെ അലമാര തകര്‍ത്ത്, അന്‍പത് പവന്‍ സ്വര്‍ണം മോഷ്ടിച്ച് കടന്നു കടന്നു. വീടിനു ചുറ്റും മുളകുപൊടി വിതറിയാണ് സംഘം കടന്നു കളഞ്ഞത്.

ബഹളം കേട്ട് നാട്ടുകാര്‍ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. വേലുമതി സംഭവസ്ഥലത്തും കനകം അമ്മാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. ദേവക്കോട്ട ഡിഎസ് പി ഗണേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിയ്ക്കുന്നത്. വീടിനു ചുറ്റും മുളകുപൊടി വിതറിയതിനാല്‍ ഡോഗ് സ്‌ക്വാഡിന് ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. ഫൊറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *