ത്രില്ലർ പോരിൽ കാനഡയെ വീഴ്ത്തി ഇന്ത്യൻ വനിതാ ഹോക്കി ടീം സെമിയിൽ
ത്രില്ലർ പോരിൽ കാനഡയെ വീഴ്ത്തി ഇന്ത്യൻ വനിതാ ഹോക്കി ടീം സെമിയിൽ. കാനഡയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം അവസാന നാലിലേക്ക് ടിക്കറ്റെടുത്തത്. പൂൾ എയിലെ അവസാന മത്സരത്തിൽ സാലിമ റ്റെറ്റെ, നവനീത് കൗർ, ലാൽറെംസിയാമി എന്നിവർ ഇന്ത്യക്കായി ഗോളുകൾ നേടി. പൂൾ എയിൽ ഇംഗ്ലണ്ടിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്.
അതേസമയം, കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ സെമി ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി 10.30ന് എഡ്ജ്ബാസ്റ്റണിൽ മത്സരം ആരംഭിക്കും. ബാർബഡോസ് ആണ് എതിരാളികൾ. രണ്ട് ടീമുകളും ഓരോ മത്സരം വീതം വിജയിച്ചു. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഹൃദയഭേദകമായ പരാജയം വഴങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ പാകിസ്താനെ തകർത്തു. വിൻഡീസ് ആവട്ടെ ആദ്യ കളിയിൽ പാകിസ്താനെ തോല്പിച്ചെങ്കിലും രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയക്ക് മുന്നിൽ വീണു. ഇന്നത്തെ മത്സരം വിജയിക്കുന്ന ടീം ഓസ്ട്രേലിയക്കൊപ്പം സെമി കളിക്കും.