ബുംറയ്ക്ക് ആറ് വിക്കറ്റ്; ഇംഗ്ലണ്ട് 110നു പുറത്ത്
ഇന്ത്യക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇംഗ്ലണ്ട് 110 റൺസിനു പുറത്ത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 25.2 ഓവറിൽ 110 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 30 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ബട്‌ലർ ഉൾപ്പെടെ ആകെ 4 പേർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ ഇരട്ടയക്കം കടന്നത്. 19 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെ സ്പെൽ ഇംഗ്ലണ്ടിനെ തകർത്തെറിയുകയായിരുന്നു.
തൻ്റെ ആദ്യ ഓവറിൽ തന്നെ ബുംറ വിക്കറ്റ് വേട്ട ആരംഭിച്ചു. നാലാം പന്തിൽ റോയ് പ്ലെയ്ഡ് ഓൺ ആയപ്പോൾ അവസാന പന്തിൽ റൂട്ടിനെ പന്ത് പിടികൂടി. അടുത്ത ഓവറിൽ ഷമിയും വിക്കറ്റ് കോളത്തിൽ ഇടംനേടി. സ്റ്റോക്സിനെ പന്തിൻ്റെ കൈകളിലെത്തിച്ചാണ് ഷമി വിക്കറ്റ് പട്ടികയിൽ ഇടംപിടിച്ചത്. തൊട്ടടുത്ത ഓവറിൽ ബുംറ തൻ്റെ മൂന്നാം വിക്കറ്റ് നേടി. ആറാം ഓവറിലെ മൂന്നാം പന്തിൽ 7 റൺസെടുത്ത ബെയർസ്റ്റോയെ പന്ത് പിടികൂടുകയായിരുന്നു. 8ആം ഓവറിലെ അഞ്ചാം പന്തിൽ ലിവിങ്സ്റ്റണും മടങ്ങി. ബുംറയെ ക്രീസ് വിട്ടിറങ്ങി കളിക്കാനുള്ള താരത്തിൻ്റെ ശ്രമം പാഴായി. ലിവിങ്സ്റ്റൺ ക്ലീൻ ബൗൾഡ്.
Read Also: നാല് ഡക്കുകൾ, ഏഴ് വിക്കറ്റുകൾ; ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച
ആറാം വിക്കറ്റിലെത്തിയ മൊയീൻ അലി ബട്‌ലർക്കൊപ്പം മികച്ച രീതിയിൽ ബാറ്റ് വീശി. ഇന്ത്യൻ ബൗളിംഗ് നിരയെ സമർത്ഥമായി നേരിട്ട സഖ്യം സാവധാനം സ്കോർ ഉയർത്തി. എന്നാൽ, ആറാം വിക്കറ്റിൽ ബട്‌ലറുമൊത്ത് 27 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷം മൊയീൻ മടങ്ങി. 14 റൺസെടുത്ത താരത്തെ പ്രസിദ്ധ് കൃഷ്ണ സ്വന്തം ബൗളിംഗിൽ പിടികൂടുകയായിരുന്നു. മൊയീൻ കൂടി മടങ്ങിയതോടെ ഇംഗ്ലണ്ട് പതറി. ബട്‌ലറെ വീഴ്ത്താൻ ഷമിയെ മടക്കിവിളിച്ച രോഹിതിനു തെറ്റിയില്ല. ഒരു ബൗണ്ടറി വഴങ്ങിയെങ്കിലും തൊട്ടടുത്ത പന്തിൽ ബട്‌ലറെ (30) ഷമി സൂര്യകുമാറിൻ്റെ കൈകളിലെത്തിച്ചു.
രണ്ട് ബൗണ്ടറികളുമായി ക്രെയ്ഗ് ഓവർട്ടൺ ആരംഭിച്ചെങ്കിലും ഏറെ ആയുസുണ്ടായില്ല. 8 റൺസെടുത്ത താരത്തിൻ്റെ കുറ്റി പിഴുത ഷമി തൻ്റെ രണ്ടാം വിക്കറ്റ് കണ്ടെത്തി. 9ആം വിക്കറ്റിൽ ബ്രെയ്ഡൻ കാഴ്സും ഡേവിഡ് വില്ലിയും ചേർന്ന് ക്രീസിൽ ഉറച്ചുനിൽക്കാൻ ശ്രമിച്ചു. 35 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ഇവർ പങ്കാളികളായത്. ഒടുവിൽ രണ്ടാം സ്പെല്ലിനായി മടങ്ങിയെത്തിയ ബുംറ കാഴ്സിൻ്റെ (15) കുറ്റി പിഴുത് അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. വില്ലിയെയും (21) ക്ലീൻ ബൗൾഡാക്കിയ താരം ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിക്കുകയും ചെയ്തു.