മറ്റ് കേന്ദ്ര മന്ത്രിമാരും ഉടൻ സംസ്ഥാനം സന്ദർശിക്കും’; വിദേശകാര്യമന്ത്രിയുടെ സന്ദർശനത്തെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി വി മുരളീധരൻ
വിദേശകാര്യ മന്ത്രി കേരളം സന്ദർശിച്ചതിനെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഈ രാജ്യത്ത് എവിടെയും യാത്ര ചെയ്യുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമുളള അധികാരം എല്ലാ മന്ത്രിമാർക്കുമുണ്ട്. വിദേശകാര്യ മന്ത്രിയെന്നാൽ വിദേശത്ത് തന്നെ താമസിക്കുന്ന മന്ത്രിയെന്നാണ് മുഖ്യമന്ത്രി ധരിച്ചിരിക്കുന്നതെങ്കിൽ അത് അദ്ദേഹം തിരുത്തണമെന്ന് വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര പദ്ധതികൾക്ക് മേൽനോട്ടം വഹിക്കാൻ ഒരു കേന്ദ്ര മന്ത്രിക്ക് അധികാരമില്ലെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് സ്വന്തം പെരുമാറ്റവുമായിട്ടുള്ള വ്യത്യാസമായിരിക്കാം. ജനങ്ങൾ ദുരിതത്തിലാഴുമ്പോൾ തിരിഞ്ഞുനോക്കാത്ത മുഖ്യമന്ത്രിക്ക് ജനക്ഷേമമന്വേഷിക്കാൻ ഒരു കേന്ദ്ര മന്ത്രി പോകുന്നതിൽ അസ്വസ്ഥത ഉണ്ടാകും. മറ്റ് കേന്ദ്ര മന്ത്രിമാരും ഉടൻ സംസ്ഥാനം സന്ദർശിക്കുമെന്നും വി മുരളീധരൻ അറിയിച്ചു.
വിദേശകാര്യ മന്ത്രി നടത്തിയ തിരുവനന്തപുരം സന്ദർശനം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയിരിക്കുകയാണ്. സെക്രട്ടേറിയറ്റിന് അടുത്ത് ഓഖി ചുലിക്കാറ്റ് ഉണ്ടായപ്പോൾ, ആ ദുരിതത്തിൽ പെട്ടവരെ കാണാനോ മത്സ്യത്തൊഴിലാളികളുടെ ക്ഷേമം അന്വേഷിക്കാനോ പോകാത്ത മുഖ്യമന്ത്രിക്ക് കേന്ദ്ര മന്ത്രി ഇത്തരത്തിൽ പെരുമാറുന്നത് കാണുമ്പോൾ അസ്വസ്ഥതയും അത്ഭുതവും ഉണ്ടാകും.
വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ കഴിഞ്ഞ മൂന്ന് ദിവസമായി തിരുവനന്തപുരത്ത് പര്യടനത്തിലാണ്. നരേന്ദ്ര മോദി സർക്കാരിന്റെ എട്ട് വർഷത്തെ ഭരണം പൂർത്തിയായ പശ്ചാത്തലത്തിൽ എല്ലാ കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ നടപ്പാക്കലുമായി ബന്ധപ്പെട്ട് സന്ദർശം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് എസ് ജയ്ശങ്കർ കേരളത്തിൽ എത്തിയത്.