ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികളുടെ തിരക്ക്
അബുദാബി: അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുമ്പോള്‍ നാട്ടിലേക്ക്പണമയക്കാനുള്ള തിരക്കിലാണ് പ്രവാസികള്‍. ചൊവ്വാഴ്ച രാവിലെ ഡോളറിനെതിരെ 13 പൈസ ഇടിഞ്ഞ് 79.58 എന്ന നിലയിലെത്തിയിരുന്നു മൂല്യം. ഇതോടെ ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികളുടെയും വിനിമയ മൂല്യം വര്‍ദ്ധിച്ചു.
അന്താരാഷ്‍ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില ഉയരുന്നതും വിദേശ നാണ്യശേഖരത്തിലെ ഇടിവുമാണ് രൂപയുടെ നില താഴേക്ക് കൊണ്ടുപോകുന്നതെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം 79.45ലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ഡോളറിനെതിരെ 79.55 എന്ന നിലയില്‍ രൂപയുടെ വ്യാപാരം തുടങ്ങിയെങ്കിലും പിന്നീട് ഇത് 79.58 എന്ന നിലയിലേക്കും അതിന് ശേഷം 79.62ലേക്കും താഴ്‍ന്നു.
രൂപയുടെ വിലയിടിവ് പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍. യുഎഇ ദിര്‍ഹത്തിനെതിരെ 21.65 മുതല്‍ 21.67 വരെയായിരുന്നു ഇന്നത്തെ രൂപയുടെ വിനിമയ മൂല്യം. നേരത്തെ ജനുവരിയില്‍ യുഎഇ ദിര്‍ഹത്തിനെതിരെ 20.10 എന്ന നിലയില്‍ നിന്ന് മേയ് മാസത്തില്‍ 21 ആയി ഉയര്‍ന്നു. ഇന്ന് 21.65 എന്ന നിലയിലായിരുന്നു അധിക സമയത്തെയും വ്യാപാരം.
സൗദി റിയാലിന് 21.20 രൂപയും ഖത്തര്‍ റിയാലിന് 21.84 രൂപയും കുവൈത്ത് ദിനാറിന് 258.20 രൂപയും ബഹ്റൈന്‍ ദിനാറിന് 211.51 രൂപയും ഒമാനി റിയാലിന് 206.84 രൂപയമായിരുന്നു ഇന്നത്തെ നിരക്ക്. നല്ല വിനിമയ മൂല്യം ലഭിച്ചതോടെ നാട്ടിലേക്ക് പണമയക്കാനും പ്രവാസികളുടെ തിരക്കേറി. പെരുന്നാള്‍ അവധിക്ക് മുന്നോടിയായിത്തന്നെ നാട്ടിലേക്ക് പണം അയച്ചു കഴിഞ്ഞതിനാല്‍ ഇപ്പോഴത്തെ വിലിയിടിവ് ഉപയോഗപ്പെടുത്താന്‍ കഴിയാത്തവരുമുണ്ട്.