ബാംഗ്ലൂരിനെ നാണംകെടുത്തി പഞ്ചാബ്, 97 റണ്‍സ് ജയം
ഐപിഎൽ പതിമൂന്നാം സീസണിലെ ആറാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിനു കൂറ്റൻ ജയം. 97 റൺസിനാണ് പഞ്ചാബ് ബാംഗ്ലൂരിനെ കീഴടക്കിയത്. 207 റൺസ് പിന്തുടർന്ന ബാംഗ്ലൂർ 17 ഓവറിൽ 109 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 30 റൺസെടുത്ത വാഷിംഗ്ടൺ സുന്ദർ ആണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. പഞ്ചാബിനു വേണ്ടി യുവ സ്പിന്നർ രവി ബിഷ്ണോയ് വിക്കറ്റ് വീഴ്ത്തി. മുരുഗൻ അശ്വിനും മൂന്ന് വിക്കറ്റുണ്ട്.
കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ ദേവ്ദത്ത് പടിക്കലിനെ നഷ്ടമായി. ഒരു റൺ എടുത്ത ദേവ്ദത്ത് ഷെൽഡൻ കോട്രലിൻ്റെ പന്തിൽ രവി ബിഷ്ണോയ്ക്ക് പിടികൊടുത്ത് മടങ്ങുകയായിരുന്നു. ബാറ്റിംഗിൽ സ്ഥാനക്കയറ്റം കിട്ടി എത്തിയ ജോഷ് ഫിലിപ്പെ റണ്ണൊന്നുമെടുക്കാതെ മടങ്ങി. ഫിലിപ്പെയെ ഷമി വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. ക്യാപ്റ്റൻ വിരാട് കോലിയും (1) വേഗം മടങ്ങി. കോട്രലിൻ്റെ പന്തിൽ രവി ബിഷ്ണോയുടെ കൈകളിലാണ് കോലി അവസാനിച്ചത്.
2.4 ഓവറിൽ നാല് റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ പതറുമ്പോൾ എബി ഡിവില്ല്യേഴ്സ് ക്രീസിലെത്തി. എബി-ഫിഞ്ച് സഖ്യം നാലാം വിക്കറ്റിൽ 49 റൺസ് കൂട്ടിച്ചേർത്തു. ഫിഞ്ചിൻ്റെ (20) കുറ്റി പിഴുത യുവ സ്പിന്നർ രവി ബിഷ്ണോയ് ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അടുത്ത ഓവറിൽ മുരുഗൻ അശ്വിൻ എബി ഡിവില്ല്യേഴ്സിനും മടക്ക ടിക്കറ്റ് നൽകി. 28 റൺസെടുത്ത എബി സർഫറാസ് ഖാൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു.
ആറാം വിക്കറ്റിൽ ശിവം ദുബേ-വാഷിംടൺ സുന്ദർ സഖ്യം 26 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ദുബേയുടെ (12) കുറ്റി തെറിപ്പിച്ച ഗ്ലെൻ മാക്സ്‌വെൽ ഈ കൂട്ടുകെട്ട് പൊളിച്ചു. ഉമേഷ് യാദവിനെ (0) രവി ബിഷ്ണോയ് ക്ലീൻ ബൗൾഡാക്കി. ബിഷ്ണോയ് തന്നെ വാഷിംഗ്ടൺ സുന്ദറിനെയും മടക്കി. 30 റൺസെടുത്ത സുന്ദറിനെ മായങ്ക് അഗർവാൾ പിടികൂടുകയായിരുന്നു. നവദീപ് സെയ്നിയെ (6) മുരുഗൻ അശ്വിൻ ക്ലീൻ ബൗൾഡാക്കി. ആ ഓവറിൽ തന്നെ യുസ്‌വേന്ദ്ര ചഹാൽ (1) വിക്കറ്റിനു മുന്നിൽ കുടുങ്ങി. ഡെയിൽ സ്റ്റെയിൻ (1) പുറത്താവാതെ നിന്നു.