പരുക്കിന്റെ വില്ലത്തരം തുടരുന്നു; ജഡേജക്കും വിഹാരിക്കും പുറമെ ബുംറയും നാലാം ടെസ്റ്റിൽ നിന്ന് പുറത്ത്
ഇന്ത്യൻ ടീമിനെ വിടാതെ പിടികൂടി പരുക്ക്. നാലാം ടെസ്റ്റിൽ നിന്ന് രവീന്ദ്ര ജഡേജയെയും ഹനുമ വിഹാരിയെയും നഷ്ടപ്പെട്ടതിന് പിന്നാലെ ബുംറക്ക് കൂടി പരുക്കേറ്റത് ഇന്ത്യയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിയിടുന്നത്. വയറിന് പേശിവലിവ് അനുഭവപ്പെട്ടതോടെ ബുംറ നാലാം ടെസ്റ്റിൽ കളിച്ചേക്കില്ലെന്ന് ഉറപ്പായി.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കൂടി കണക്കിലെടുത്ത് ബുംറക്ക് വിശ്രമം അനുവദിക്കാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. മൂന്നാം ടെസ്റ്റിനിടെ പരുക്കേറ്റതിനെ തുടർന്ന് ജഡേജയെയും വിഹാരിയെയും നാലാം ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഓസീസ് പര്യടനത്തിന് എത്തിയ ടീമംഗങ്ങളിൽ നിന്ന് മുഹമ്മദ് ഷമിയെയും ഉമേഷ് യാദവിനെയും നേരത്തെ ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു. ബുംറ കൂടി പുറത്തായതോടെ മൂന്ന് സീമർമാരെയാണ് ഇന്ത്യക്ക് നഷ്ടപ്പെടുന്നത്. ഇതോടെ നാലാം ടെസ്റ്റിൽ ടി നടരാജൻ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു.