ഓസ്‌ട്രേലിയ 191ന് പുറത്ത്; ഇന്ത്യക്ക് 53 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്
അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യക്ക് 53 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സിൽ 191 റൺസിന് പുറത്തായി. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 244 റൺസാണ് എടുത്തത്. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 9 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്കാകെ 62 റൺസിന്റെ ലീഡുണ്ട് നിലവിൽ
15 വിക്കറ്റുകളാണ് രണ്ടാം ദിനം വീണത്. 6ന് 233 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. 11 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ബാക്കിയുള്ള നാല് വിക്കറ്റുകളും വീണു. എന്നാൽ രണ്ടാം ദിനം തന്നെ ഓസീസിനെ ഓൾ ഔട്ടാക്കാനും ഇന്ത്യക്ക് സാധിച്ചു. നാല് വിക്കറ്റെടുത്ത അശ്വിനും മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഉമേഷ് യാദവും രണ്ട് വിക്കറ്റെടുത്ത ബുമ്രയുമാണ് ഓസീസിനെ തകർത്തത്
ഓസീസ് നായകൻ ടിം പെയ്ൻ 73 റൺസുമായി പുറത്താകാതെ നിന്നു. മാർനസ് ലാബുഷെയ്ൻ 47 റൺസെടുത്തു. വാലറ്റത്തെ കൂട്ടുപിടിച്ച് പെയ്ൻ നടത്തിയ രക്ഷാപ്രവർത്തനമാണ് വൻ ദുരന്തത്തിൽ നിന്ന് ഓസീസിനെ രക്ഷിച്ചത്. രണ്ടാം ദിനം കളി നിർത്തുമ്പോൾ 5 റൺസുമായി മായങ്ക് അഗർവാളും റൺസ് ഒന്നുമെടുക്കാതെ ബുമ്രയുമാണ് ക്രീസിൽ. പൃഥ്വി ഷാ ഒരിക്കൽ കൂടി പരാജയപ്പെട്ടു. 4 റൺസാണ് ഷായുടെ സമ്പാദ്യം.