ഐപിഎലിൽ ഇന്ന് ആർസിബി ലക്നൗവിനെതിരെ
ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്ന് ലക്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും. ബാംഗ്ലൂരിൻ്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ച ലക്നൗ മൂന്നാം സ്ഥാനത്തും രണ്ട് മത്സരങ്ങളിൽ ഒരെണ്ണം വിജയിച്ച ആർസിബി പട്ടികയിൽ ഏഴാമതുമാണ്.
ഒരു കളി ജയിച്ചെങ്കിലും ആർസിബി അത്ര ഭദ്രമായ നിലയിലല്ല. അനുജ് റാവത്ത്, ഗ്ലെൻ മാക്സ്‌വൽ, ദിനേഷ് കാർത്തിക്, ഷഹബാസ് അഹ്‌മദ് എന്നിവരടങ്ങുന്ന മധ്യനിര കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പൂർണമായ പൊട്ടൻഷ്യലിൽ കളിച്ചിട്ടില്ല. കോലി ഫോമിലേക്ക് തിരികെയെത്തിയതിൻ്റെ സൂചന ആദ്യ മത്സരത്തിൽ നൽകിയിലെങ്കിലും കഴിഞ്ഞ കളിയിൽ നിരാശപ്പെടുത്തി. ബൗളിംഗ് പരിഗണിക്കുമ്പോൾ കഴിഞ്ഞ സീസണുകളിലെ അതേ പ്രശ്നം തുടരുകയാണ്. ഡെത്ത് ഓവർ ബൗളിംഗ്. ഹർഷൽ പട്ടേലിലാണ് ആർസിബി ഡെത്ത് ബൗളിംഗ് ഉന്നമിടുന്നതെങ്കിലും താരം ഫോമിലേക്കെത്തിയിട്ടില്ല. ബ്രേസ്‌വെലിനു പകരം വനിന്ദു ഹസരങ്ക കളിക്കും. അനുജ് റാവത്തിനു പകരം മഹിപാൽ ലോംറോറോ സുയാഷ് പ്രഭുദേശായിയോ കളിക്കാനിടയുണ്ട്.
മറുവശത്ത് കെയിൽ മയേഴ്സിൻ്റെ റെഡ് ഹോട്ട് ഫോം ആണ് ലക്നൗവിനെ തുണക്കുന്നത്. അതുകൊണ്ട് തന്നെ ക്വിൻ്റൺ ഡികോക്കിനെ എവിടെ അക്കോമഡേറ്റ് ചെയ്യുമെന്നത് ലക്നൗ മാനേജ്മെൻ്റിനു തലവേദനയാണ്. സ്റ്റോയിനിസിനും പകരം ഡികോക്കിനെ ടീമിൽ ഉൾപ്പെടുത്തി രാഹുൽ മൂന്നാം നമ്പറിലിറങ്ങുക എന്നതാണ് ഐഡിയൽ. എന്നാൽ, മാനേജ്മെൻ്റ് എന്ത് തീരുമാനിക്കുമെന്നത് കണ്ടറിയണം. ആർസിബിയെപ്പോലെ മധ്യനിരയിൽ ലക്നൗവും മോശം പ്രകടനമാണ് നടത്തുന്നത്. കെഎൽ രാഹുൽ, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ് എന്നിവരുടെ ഫോം ലക്നൗവിനു തിരിച്ചടിയാണ്. അവേഷ് ഖാനും മാർക്ക് വുഡും തിരികെ എത്തിയേക്കും.