Monday, April 14, 2025
Sports

ഏഷ്യാ കപ്പ്: ജയം മാത്രം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെ; ടീമിൽ മാറ്റങ്ങൾക്ക് സാധ്യത

ഏഷ്യാ കപ്പിൽ ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെ. സൂപ്പർ ഫോറിൽ ശ്രീലങ്കക്കെതിരെ ജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുക. ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ പരാജയപ്പെട്ട ഇന്ത്യക്ക് സൂപ്പർ ഫോറിൽ ലങ്കയ്ക്കും അഫ്ഗാനുമെതിരെ മികച്ച ജയം നേടിയെങ്കിലേ ഫൈനലിലെത്താൻ കഴിയൂ.

പാകിസ്താനെതിരെ അവസാന ഓവറിലേറ്റ പരാജയം ഇന്ത്യക്ക് തിരിച്ചടിയാണ്. കളത്തിൽ പ്രകടനങ്ങൾ മാത്രമല്ല, ഇന്ത്യയുടെ ടീം സെലക്ഷനും ക്യാപ്റ്റൻ്റെ ചില തന്ത്രങ്ങളും തിരിച്ചടിയായി. രണ്ട് ലെഗ് സ്പിന്നർമാരുമായി ഇറങ്ങിയ ഇന്ത്യയെ കൗണ്ടർ ചെയ്യാനിറങ്ങിയ മുഹമ്മദ് നവാസിൻ്റെ വിസ്ഫോടനാത്മക ബാറ്റിംഗാണ് കളി പാകിസ്താന് അനുകൂലമാക്കിയത്. ദിനേഷ് കാർത്തിക് എന്ന ഡെസിഗ്നേറ്റഡ് ഫിനിഷർ ഉണ്ടെങ്കിലും ജഡേജയ്ക്ക് പകരം പാർട്ട് ടൈം സ്പിന്നർ കൂടിയായ ദീപക് ഹൂഡയെ ഇറക്കി താരത്തിന് ഒരു ഓവർ പോലും നൽകാതിരുന്നത് ടീം സെലക്ഷനിലെ പാളിച്ചയായി. മധ്യനിരയിൽ വീണ്ടും വീണ്ടും പരാജയപ്പെട്ടിട്ടും ഋഷഭ് പന്തിനെ പരീക്ഷിക്കാൻ ടീം മാനേജ്മെൻ്റ് കാണിക്കുന്ന ഉത്സാഹവും ചോദ്യം ചെയ്യപ്പെടുന്നു. ഹർഷൽ പട്ടേലും ജസ്പ്രീത് ബുംറയും ഇല്ലാത്ത ബൗളിംഗ് നിര മോശമെന്ന് പറയാനാവില്ലെങ്കിലും അത്ര മികച്ചതല്ല. അതിൽ തത്കാലം ഒന്നും ചെയ്യാനില്ല. കളിയുടെ ഏത് ഘട്ടത്തിലും പന്തെറിയുന്ന, ഇൻ്റലിജൻ്റ് ക്രിക്കറ്ററായ അശ്വിനെ പുറത്തിരുത്തുന്നത് എന്തുകൊണ്ടെന്നതിന് കൃത്യമായ വിശദീകരണം നൽകാൻ മാനേജ്മെൻ്റിനു കഴിഞ്ഞിട്ടില്ല.

ഇന്ന് ചഹാൽ പുറത്തിരിക്കുമെന്നാണ് കരുതപ്പെടുന്നത്. പകരം അശ്വിൻ കളിച്ചേക്കും. ഋഷഭ് പന്ത് ടീമിൽ തുടർന്നാണ് ദീപക് ഹൂഡയ്ക്ക് പകരം അക്സർ പട്ടേലോ ദിനേഷ് കാർത്തികോ കളിച്ചേക്കും. ഇനി, പന്തിനെ മാറ്റാൻ തീരുമാനിച്ചാൽ ഇരുവരും ടീമിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *