കങ്കാരുക്കളെ കറക്കി വീഴ്ത്തി ഇന്ത്യ; ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ 177 റണ്ണുകളിൽ ഒതുങ്ങി
നാഗ്പൂരിലെ വിദർഭയിലെ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ കങ്കാരുക്കളെ കറക്കി വീഴ്ത്തി ഇന്ത്യ. ഇന്ത്യയുടെ ആദ്യ ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള ഓസ്‌ട്രേലിയയുടെ തീരുമാനം തെറ്റിച്ചത് രവീന്ദ്ര ജഡേജയുടെ അപകടങ്ങൾ ഒളിപ്പിച്ചു വെച്ച സ്പിന്നുകൾ. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 63.5 ഓവറുകളിൽ 177 റണ്ണുകളിൽ ഒതുങ്ങി.
ഒന്നാം ഇന്നിങ്സിൽ രണ്ടും മൂന്നും ഓവറുകളിൽ ഷാമിയുടെയും സിജെറിന്റെയും പന്തുകളിൽ ഓപ്പണർമാരായ ഉസ്മാൻ ഖവാജയും ഡേവിഡ് വാർണറും മടങ്ങിയത് കളിയുടെ ഗതി മാറ്റി. തുടർന്ന്, കാൽമുട്ടിനേറ്റ പരുക്ക് മൂലം ഒരു ഇടവേളക്ക് ശേഷം അന്തരാഷ്ട്ര മത്സരങ്ങളിലേക്ക് തിരികെ വന്ന രവീന്ദ്ര ജഡേജയുടെ ആക്രമണമായിരുന്നു. ജഡ്ഡുവിന്റെ അടുത്തതടുത്ത രണ്ട് പന്തുകളിൽ ലബുഷാഗ്നെയും റെൻഷോയും മടങ്ങി.
41 ആം ഓവറിൽ ജഡേജയുടെ പന്തിൽ സ്റ്റീവൻ സ്മിത്തും 53 ആം ഓവറിൽ അശ്വിന്റെ പന്തിൽ അലക്സ് കാരേയും മടങ്ങിയതോടെ കങ്കാരുപ്പട നിലം പതിച്ചു. അലക്സ് കാരേയുടെ വിക്കറ്റ് നേടിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 450 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി അശ്വിൻ മാറി. പ്രതിരോധം തീർക്കാൻ പോലും സാധിക്കാതെ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും മർഫിയും ബോളണ്ടും അടങ്ങുന്ന വാലറ്റ നിര കളിക്കളം വിട്ടതോടെ മത്സരം ഇന്ത്യയുടെ കയ്യിലെത്തി.
മറുപടി ബാറ്റിങ്ങിറങ്ങിയ ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോൾ 24 ഓവറുകളിൽ 77 റണ്ണുകൾ നേടിയിട്ടുണ്ട്. പത്ത് ബൗണ്ടറികളോടെ 69 പന്തുകളിൽ 56 റണ്ണുകൾ രോഹിത് ശർമയുടെ മികവിലാണ് ഇന്ത്യയുടെ മുന്നേറ്റം. 71 പന്തുകളിൽ നിന്ന് 20 റണ്ണുകൾ എടുത്ത് രോഹിത്തിന് മികച്ച പിന്തുണ നൽകിയ കെഎൽ രാഹുൽ 22 ആം ഓവറിൽ മർഫിയുടെ പന്തിൽ പുറത്തായി.