ഇടിമിന്നലായി ഓപ്പണർമാർ; ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ
ടി-20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു തകർപ്പൻ ജയം. വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. ഇന്ത്യ മുന്നോട്ടുവച്ച 169 റൺസ് വിജയലക്ഷ്യം വെറും 16 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് മറികടന്നു. അലക്സ് ഹെയിൽസ് (47 പന്തിൽ 4 ബൗണ്ടറിയും 7 സിക്സറും സഹിതം 86) ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോററായപ്പോൾ ക്യാപ്റ്റൻ ജോസ് ബട്ലറും ( 49 പന്തിൽ 9 ബൗണ്ടറിയും 3 സിക്സറും സഹിതം 80) തിളങ്ങി.
തുടക്കം മുതൽ ആക്രമിച്ചുകളിച്ച ഇംഗ്ലീഷ് ഓപ്പണർമാർക്കു മുന്നിൽ ഇന്ത്യൻ ബൗളർമാർക്ക് മറുപടി ഉണ്ടായില്ല. ഇന്ത്യ ആദ്യ പവർപ്ലേയിൽ 38 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ട് നേടിയത് 63 റൺസ്. ബൗളർമാർ മാറിമാറി പന്തെറിഞ്ഞെങ്കിലും ഇംഗ്ലണ്ട് ഓപ്പണർമാർ അനായാസം റൺസ് കണ്ടെത്തി. 28 പന്തുകളിൽ ഹെയിൽസ് ഫിഫ്റ്റി തികച്ചപ്പോൾ 36 പന്തിൽ ബട്ലറും അർധസെഞ്ചുറിയിലെത്തി. ആദ്യ പത്ത് ഓവറിൽ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് ആയിരുന്നെങ്കിൽ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്തത് 98 റൺസ്. ഫിഫ്റ്റിക്ക് പിന്നാലെ ബട്ലർ ആഞ്ഞടിച്ചപ്പോൾ ഇംഗ്ലണ്ടിൻ്റെ ജയം എളുപ്പമായി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 168 റൺസ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോലിയും ഹർദിക് പാണ്ഡ്യയും അർധ സെഞ്ച്വറി നേടി. 33 പന്തിൽ 63 റൺസ് നേടിയ ഹാർദിക് ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോർദാൻ മൂന്ന് വിക്കറ്റ് നേടി. ആദിൽ റഷിദും ക്രിസ് വോക്‌സും ഓരോ വിക്കറ്റും നേടി.