ഇന്ധന സെസിന് നിർബന്ധിതമാക്കിയത് കേന്ദ്ര സർക്കാരിന്റെ പകപോക്കൽ നയങ്ങൾ; വിശദീകരിച്ച് മുഖ്യമന്ത്രി
കേന്ദ്ര സർക്കാരിന്റെ പകപോക്കൽ നയങ്ങളാണ് ഇന്ധന സെസിന് നിർബന്ധിതമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫും ബിജെപിയും ചേർന്ന് നടത്തുന്ന കോലാഹലങ്ങൾ ജനങ്ങൾ മുഖവിലയ്ക്കെടുക്കില്ല. കേരളം കടക്കെടിയിലാണെന്നതും ധൂർത്തുണ്ടെന്നതും അടിസ്ഥാനരഹിതമായ പ്രചാരണമാണ്. കേരളത്തിന്റെ ധനകാര്യ സ്ഥിതി വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി
2020 – 21 ൽ കടം കുറയുകയാണ് ഉണ്ടായത്. നാല് വർഷ കാലയളവിൽ 2.46 ശതമാനം കടം കുറഞ്ഞു. കൊവിഡ് കാലത്ത് ജീവനും ജീവനോപാധിയും നിലനിർത്താൻ സർക്കാരിന് അധിക ചെലവ് വന്നു. അസാധാരണ സാമ്പത്തിക സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഈ കാലത്താണ് കടം 38.5 ശതമാനത്തിലേക്ക് ഉയർന്നത്. കേരളത്തിൽ മാത്രമല്ല എല്ലായിടത്തും ഇതായിരുന്നു സ്ഥിതി. കൊവിഡ് കാലത്ത് ജനോപകാരപ്രദമായ കാര്യത്തിന് വായ്പയെടുത്തത് മഹാഅപരാധമായാണ് ചിത്രീകരിച്ചത്.
കേരളത്തിന് വരവില്ല എന്നതായിരുന്നു കുപ്രചാരണം. നികുതി കൊള്ള എന്നത് പുതിയ അടവാണ്. കടത്തിന്റെ വളർച്ച 10.33 ശതമാനമായി കുറഞ്ഞു. ജനങ്ങളുടെ യുക്തിക്ക് നേരെ തൽപ്പരകക്ഷികൾ വച്ച കെണിയിൽ ജനങ്ങൾ വീഴില്ല. വരുമാനം വർധിക്കുകയാണ് ചെയ്തത്. തനത് നികുതിയുടെ വളർച്ച 20 ശതമാനത്തിൽ കൂടുതലാണ്.
ജി.എസ്. ടി വരുമാനത്തിന്റെ വളർച്ചാ നിരക്ക് 25 ശതമാനത്തിന് മുകളിലാണ്. നികുതി പിരിവ് നടക്കുന്നില്ലെന്നത് അടിസ്ഥാന രഹിതമായ ആരോപണം. കേന്ദ്രത്തിന്റെ നിലപാട് മാത്രമാണ് പ്രശ്നങ്ങൾക്ക് കാരണം. സംസ്ഥാനത്തെ ധനകമ്മി 4.1 ശതമാനമാണ്. വാർഷിക വായ്പാ പരിധിയിൽ വെട്ടിക്കുറവ് വരുത്തുകയാണ്. 3.5 ശതമാനം വായ്പാ പരിധി വീണ്ടും വെട്ടിക്കുറയ്ക്കുകയാണ്.
സാമ്പത്തിക സ്തംഭനാവസ്ഥ സൃഷ്ടിക്കുകയാണ്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകി. കേന്ദ്ര നയങ്ങളെക്കുറിച്ച് പറയാൻ കോൺഗ്രസിനും യു ഡി എഫിനും എന്താണ് പ്രയാസം. കിഫ്ബി വഴിയുള്ള വികസനം യുഡിഎഫ് എം എൽ എമാരുടെ മണ്ഡലങ്ങളിലുമുണ്ടെന്നും മുഖ്യമന്ത്രി വിമർശിച്ചു.