ഇംഗ്ലണ്ട് 290 റൺസിന് പുറത്ത്, 99 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്; മൂന്നാം ദിനം നിർണായകമാകും
ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിന് 99 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. 290 റൺസിന് ഇംഗ്ലണ്ട് ഓൾ ഔട്ടാകുകയായിരുന്നു. ഒരു ഘട്ടത്തിൽ ഇന്ത്യയേക്കാൾ വലിയ തകർച്ച നേരിട്ടെങ്കിലും മധ്യനിരയും വാലറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചതോടെയാണ് ഇംഗ്ലണ്ട് ലീഡിലേക്ക് എത്തിയത്.
62 റൺസ് എടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. പിന്നീട് ക്രീസിൽ ഒന്നിച്ച ഒലി പോപും ജോണി ബെയിർസ്‌റ്റോയും ചേർന്ന് സ്‌കോർ 151 വരെ എത്തിച്ചു. ബെയിർസ്‌റ്റോ പുറത്തായതിന് ശേഷം മൊയിൻ അലിയുമായി ചേർന്ന് പോപ് സ്‌കോർ ഉയർത്തുകയായിരുന്നു.
ഓലി പോപ് 81 റൺസിനും ബെയിര്‍സ്റ്റോ 37 റൺസും മൊയിൻ അലി 35 റൺസുമെടുത്തു. ക്രിസ് വോക്‌സ് 60 പന്തിൽ 50 റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് മൂന്നും ബുമ്ര, ജഡേജ എന്നിവർ രണ്ട് വീതവും വിക്കറ്റുകൾ വീഴ്ത്തി. ഷാർദൂൽ താക്കൂർ, മുഹമ്മദ് സിറാജ് ഓരോ വിക്കറ്റുകളെടുത്തു.
രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 43 റൺസ് എന്ന നിലയിലാണ്. രോഹിത് ശർമ 20 റൺസുമായും രാഹുൽ 22 റൺസുമായും ക്രീസിലുണ്ട്.