അതിതീവ്ര ന്യൂന മര്‍ദ്ദം രൂപപ്പെടുന്നു, കേരളത്തില്‍ കനത്ത മഴ: ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്റെ ഫലമായി കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട മഴ തുടരും. വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് കൂടുതല്‍ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ സൂചന പ്രകാരം ന്യൂനമര്‍ദ്ദ സ്വാധീന ഫലമായി ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ (സെപ്റ്റംബര്‍ 5-7) കാലാവര്‍ഷം കേരളത്തില്‍ വ്യാപകമായി സജീവമാകാന്‍ സാധ്യതയുണ്ട്.
മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരള- കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതും വിലക്കിയിട്ടുണ്ട്.