രക്ഷകരായി ഋഷഭ് ജഡേജ സഖ്യം; ആദ്യ ദിനം ഇന്ത്യ മികച്ച നിലയിൽ
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിൻ്റെ ആദ്യ ദിനം ഇന്ത്യ മികച്ച നിലയിൽ. എഡ്ജ്ബാസ്റ്റണിൽ സ്റ്റമ്പഴിക്കുമ്പോൾ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 338 റൺസ് നേടിയിട്ടുണ്ട്. ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ആറാം വിക്കറ്റിൽ പടുത്തുയർത്തിയ 222 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് തുണയായത്. ഋഷഭ് 89 പന്തിൽ തന്റെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ ജഡേജ 18-ാം അർധസെഞ്ചുറി നേടി.
എഡ്ജ്ബാസ്റ്റണിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ തുടക്കം തന്നെ പാളി. ഓപ്പണർമാരായ ശുഭ്മാൻ ഗിൽ 17 റൺസും, ചേതേശ്വര് പൂജാര 13, ഹനുമ വിഹാരി 20, വിരാട് കോലി 11, ശ്രേയസ് അയ്യർ 15 റൺസും നേടി പുറത്തായി. 100 കടക്കും മുമ്പ് 5 പേർ അതിവേഗം കൂടാരം കയറി. ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ചേർന്ന് ഇന്ത്യയെ തകർച്ചയിൽ നിന്ന് കരകയറ്റി ശക്തമായ നിലയിലെത്തിച്ചു. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 222 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ഇതിനിടെ പന്ത് തന്റെ ടെസ്റ്റ് കരിയറിലെ അഞ്ചാം സെഞ്ച്വറി നേടി. 111 പന്തിൽ 146 റൺസ് നേടിയ ശേഷമാണ് അദ്ദേഹം പുറത്തായത്. 20 ബൗണ്ടറികളും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. ജോ റൂട്ടാണ് അദ്ദേഹത്തെ പുറത്താക്കിയത്. ജഡേജ തന്റെ ടെസ്റ്റ് കരിയറിലെ 18-ാം അർധസെഞ്ചുറിയും കുറിച്ചു. നിലവിൽ 83 റൺസുമായി ജഡേജയും മുഹമ്മദ് ഷമിയുമാണ് ക്രീസിൽ. ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്സൺ മൂന്ന് വിക്കറ്റും, മാറ്റി പോട്ട്സ് രണ്ട് വിക്കറ്റും വീഴ്ത്തി. റൂട്ടും സ്റ്റോക്‌സും ഓരോ വിക്കറ്റ് വീതം നേടി.