രാജസ്ഥാനിലെ വിവിധ മേഖലകളില്‍ വീണ്ടും ഇന്റര്‍നെറ്റ് റദ്ദാക്കി
സാമൂഹമാധ്യമ പോസ്റ്റിന്റെ പേരില്‍ രാജസഥാനിലെ ഉദയ്പുരില്‍ തയ്യല്‍ക്കാരന്‍ കനയ്യ ലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തില്‍ രാജസ്ഥാനിലെ വിവിധ മേഖലകളില്‍ വീണ്ടും ഇന്റര്‍നെറ്റ് റദ്ദാക്കി. ജയ്പൂര്‍, ആല്‍വാര്‍, ദൗസ എന്നിവിടങ്ങളിലാണ് 24 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് റദ്ദാക്കിയത്. കനയ്യലാലിന്റെ കൊലപാതകത്തിന് പിന്നാലെ ഉദയ്പൂരില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയിരുന്നു. പ്രതിഷേധം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നത് മുന്‍നിര്‍ത്തിയാണ് ഇന്റര്‍നെറ്റ് നിയന്ത്രണം.
ചൊവ്വാഴ്ച ഉണ്ടായ കൊലപാതകത്തിനു പിന്നാലെ പ്രദേശത്തെ കടകളെല്ലാം അടയ്ക്കുകയും ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിന് പൊലീസിന്റെ ജാഗ്രതക്കുറവും ഇടയാക്കിയതായി ആരോപണം ഉയര്‍ന്നതിനു പിന്നാലെ 32 ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഐജിയും ഉദയ്പുര്‍ പൊലീസ് സൂപ്രണ്ടും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി. ഒരു സംഘം പിന്തുടരുന്നതായും ഭീഷണിപ്പെടുത്തുന്നതായും ധന്‍മണ്ഡി പൊലീസ് സ്റ്റേഷനില്‍ കനയ്യ ലാല്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പൊലീസ് നിഷ്‌ക്രിയരായിരുന്നുവെന്നു കനയ്യ ലാലിന്റെ ഭാര്യ യശോദ ആരോപിച്ചിരുന്നു.
സമൂഹമാധ്യമ പോസ്റ്റിന്റെ പേരില്‍ അയല്‍വാസിയായ നാസിം നല്‍കിയ പരാതിയെ തുടര്‍ന്ന് ഈ മാസം 11ന് കനയ്യ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് വിട്ടയച്ചു. അതിനു ശേഷം 15ന് ആണ് നാസിം ഭീഷണിപ്പെടുത്തുന്നതായും പൊലീസ് സംരക്ഷണം വേണമെന്നും കനയ്യ പരാതിപ്പെട്ടത്. ജീവന് ഭീഷണിയുണ്ടെന്നും ചിലര്‍ കട നിരീക്ഷിക്കുന്നതായും അദ്ദേഹം പൊലീസിനെ അറിയിച്ചു. നാസിമും മറ്റ് 5 പേരും തന്റെ ഫോട്ടോ ചില ഗ്രൂപ്പുകളില്‍ കൈമാറുന്നതായും കടതുറന്നാല്‍ കൊലപ്പെടുത്തണമെന്ന് അതില്‍ പറയുന്നതായും ധന്‍മണ്ഡി പൊലീസിന് 15ന് നല്‍കിയ പരാതിയിലുണ്ട്.
ഗെയിം കളിക്കുന്നതിനിടയില്‍ മകന്‍ ആണ് അറിയാതെ വിവാദ പോസ്റ്റ് പങ്കുവച്ചതെന്നും തനിക്ക് ഫോണ്‍ ഉപയോഗിക്കാന്‍ അറിയില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പൊലീസ് ഇരുവരെയും വിളിച്ച് വിഷയം ഒത്തുതീര്‍പ്പാക്കി വിടുകയാണ് ചെയ്തത്. കനയ്യ നല്‍കിയ പരാതി ഗൗരവത്തിലെടുക്കാതിരുന്ന എസ്‌ഐ, എഎസ്‌ഐ എന്നിവരെ നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഐഎസ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളെ പിന്തുടര്‍ന്ന് ഭീകരപ്രവര്‍ത്തനത്തിനിറങ്ങിയ സംഘത്തിലെ കണ്ണികളാണ് കനയ്യ ലാലിനെ കഴുത്തുറത്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളായ ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരെന്നാണ് പ്രാഥമിക നിഗമനം. പ്രതികളെ എന്‍ഐഎ ഐജിയുടെ നേതൃത്വത്തില്‍ പത്തംഗ സംഘമാണു പ്രതികളെ ചോദ്യം ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെകൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണു സൂചന. രാജസ്ഥാനിലുടനീളം തിരച്ചില്‍ ഊര്‍ജിതമാക്കി.