രഹസ്യകൂടിക്കാഴ്ചയുടെ ദൃശ്യങ്ങളുണ്ടെന്ന മൊഴി: സ്വപ്‌നയുടെ ഐ ഫോണ്‍ ഇ ഡി പരിശോധിക്കും
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്.സ്വപ്നയുടെ ഐഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കും. ഫോണ്‍ വിവരങ്ങളുടെ മിറര്‍ കോപ്പി തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്‍ഐഎ കോടതിയെ സമീപിക്കും. ഫോണിലെ വിവരങ്ങള്‍ക്കായി നാളെയാണ് ഇ ഡി അപേക്ഷ നല്‍കുക.
മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ ഉണ്ടെന്ന മൊഴി സ്ഥിരീകരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ക്ലിഫ് ഹൗസിലെ രഹസ്യ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നായിരുന്നു സ്വപ്നയുടെ മൊഴി. സ്വപ്‌ന സുരേഷ് 2016-2017 കാലത്ത് ഉപയോഗിച്ച ഐ ഫോണ്‍ ആണ് പരിശോധിക്കുക.
അതേസമയം മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ പുതിയ ആരോപണങ്ങളില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് യുഡിഎഫ്. മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള യുഡിഎഫ് പ്രതിഷേധമാര്‍ച്ച് ഇന്ന് നടക്കും. ആരോപണങ്ങള്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. സെക്രട്ടറിയേറ്റിലേക്കും ജില്ലാ കളക്ട്രേറ്റുകളിലേക്കും നടക്കുന്ന പ്രതിഷേധ മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും.
സെക്രട്ടറിയേറ്റ് മാര്‍ച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഇടുക്കിയില്‍ പി ജെ ജോസഫും എറണാകുളത്ത് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും കൊല്ലത്ത് രമേശ് ചെന്നിത്തലയുമാണ് ഉദ്ഘാടകര്‍. രാഹുല്‍ ഗാന്ധിയുടെ പരിപാടിയുള്ളതിനാല്‍ മലപ്പുറത്തും വയനാട്ടിലും ഇന്ന് മാര്‍ച്ചുണ്ടാകില്ല.