ഇന്ത്യ ഒന്നാമിന്നിംഗ്‌സ് 574 റൺസിന് ഡിക്ലയർ ചെയ്തു; ജഡേജ 175 നോട്ടൗട്ട്
ശ്രീലങ്കക്കെതിരായ ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. എട്ട് വിക്കറ്റ് നഷ്ടത്തിൽ 574 റൺസ് എന്ന നിലയിൽ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 4.43 റൺസ് ശരാശരിയിലാണ് ഇന്ത്യൻ സ്‌കോർ കുതിച്ചത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ സെഞ്ച്വറി നേടി.
228 പന്തിൽ 17 ഫോറും മൂന്ന് സിക്‌സും സഹിതം 175 റൺസുമായി ജഡേജ പുറത്താകാതെ നിന്നു. ഇരട്ട സെഞ്ച്വറിയിലേക്ക് കുതിക്കുമെന്ന് തോന്നിയെങ്കിലും രോഹിത് 574ൽ നിൽക്കെ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്നിംഗ്‌സ് അവസാനിപ്പിക്കുമ്പോൾ മുഹമ്മദ് ഷമിയാണ് മറുവശത്തുണ്ടായിരുന്നത്. 34 പന്തിൽ മൂന്ന് ഫോറുകൾ സഹിതം 20 റൺസാണ് ഷമി എടുത്തത്.
അശ്വിനെയാണ് ഇന്ത്യക്ക് രണ്ടാം ദിനം ആദ്യം നഷ്ടമായത്. 82 പന്തിൽ 61 റൺസാണ് അശ്വിന്റെ സമ്പാദ്യം. ജയന്ത് യാദവ് രണ്ട് റൺസുമായി മടങ്ങി. ഇന്നലെ ഇന്ത്യക്ക് വേണ്ടി റിഷഭ് പന്ത് 96 റൺസും ഹനുമ വിഹാരി 56 റൺസുമെടുത്തിരുന്നു. വിരാട് കോഹ്ലി 45 റൺസും ശ്രേയസ്സ് അയ്യർ 27 റൺസിനും രോഹിത് 29, മായങ്ക് അഗർവാൾ 33 റൺസിനും പുറത്തായി.
ശ്രീലങ്കക്ക് വേണ്ടി സുരങ്ക ലക്മൽ, വിശ്വ ഫെർണാണ്ടോ, ലസിത് എമ്പുൽഡനിയ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ലഹിരു കുമാര, ധനഞ്ജയ ഡിസിൽവ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.