ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് രാത്രി റിയാദിലെത്തും; സ്വീകരണം നാളെ
സൗദിയിലെ അല്‍ നസര്‍ ക്ലബുമായി കരാറിലേര്‍പ്പെട്ടതിന് ശേഷം പോര്‍ച്ചുഗീസ് ഫുട്ബാള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് രാത്രി റിയാദിലെത്തും
കുടുംബത്തോടൊപ്പം ഇന്ന് രാത്രി 11 മണിക്ക് റിയാദിലെത്തുന്ന റൊണാള്‍ഡോയെ വിമാനത്താവളത്തില്‍ സൗദി സ്‌പോര്‍ട്‌സ്, അല്‍ നസര്‍ ക്ലബ് അധികൃതര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.
ചൊവ്വാഴ്ച റിയാദിലെ മര്‍സൂല്‍ പാര്‍ക്കില്‍ ക്രിസ്റ്റ്യാനോയ്ക്ക് വന്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്. ഇന്ന് വിമാനത്താവളത്തിലോ പരിസരത്തോ പൊതുജനങ്ങള്‍ക്ക് സ്വീകരണം നല്‍കാന്‍ അവസരം ഉണ്ടായിരിക്കില്ല. റോണോയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ നിയമ, സാമ്പത്തിക ഉപദേഷ്ടാക്കളും റിയാദിലേക്ക് വരും. റിയാദിലെ പ്രമുഖ ഹോട്ടലിലായിരിക്കും ക്രിസ്റ്റിയാനോയുടെയും കുടുംബത്തിന്റെയും താമസം.
ക്ലബ് ഫുട്ബോള്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുക നല്‍കിയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അല്‍-നസര്‍ സ്വന്തമാക്കിയത്. 200 മില്യന്‍ ഡോളര്‍ (ഏകദേശം 1,950 കോടി രൂപ) ആണ് താരത്തിന് ക്ലബ് നല്‍കാനിരിക്കുന്ന വാര്‍ഷിക പ്രതിഫലം.