Sunday, April 27, 2025
Sports

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊക്കക്കോള മാറ്റിവെച്ച സംഭവം: പ്രതികരണവുമായി യുവേഫ

പാരീസ്: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊക്കക്കോളയുടെ കുപ്പികള്‍ മാറ്റിവെച്ച സംഭവത്തില്‍ പ്രതികരണവുമായി യുവേഫ. ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ സ്‌പോണ്‍സര്‍മാരുമായി കരാര്‍ ഉണ്ടെന്ന കാര്യം ടീമുകളെ യുവേഫ ഓര്‍മ്മിപ്പിച്ചു. റൊണാള്‍ഡോയുടെ പ്രവൃത്തി കാരണം കൊക്കക്കോളയ്ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് യുവേഫയുടെ പ്രതികരണം.

യൂറോപ്പില്‍ ഫുട്‌ബോള്‍ വളരുന്നതിലും ടൂര്‍ണമെന്റുകള്‍ നടത്തുന്നതിലും സ്‌പോണ്‍സര്‍മാര്‍ അവിഭാജ്യ ഘടകമാണെന്ന് യുവേഫ അറിയിച്ചു. അതേസമയം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നടപടി മാത്രമാണ് പ്രശ്‌നമെന്നും മതപരമായ കാരണങ്ങളാല്‍ ചെയ്യുന്ന പ്രവൃത്തികളാണെങ്കില്‍ അത് മനസിലാക്കാവുന്നതാണെന്നും യൂറോ 2020 ടൂര്‍ണമെന്റ് ഡയറക്ടര്‍ മാര്‍ട്ടിന്‍ കാല്ലെന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പോള്‍ പോഗ്ബ ബിയര്‍ കുപ്പി മാറ്റിവെച്ച സംഭവം സൂചിപ്പിച്ചുകൊണ്ടാണ് കാല്ലെന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ജര്‍മ്മനിയുമായി നടന്ന മത്സര ശേഷം മാധ്യമങ്ങളെ കാണവെയാണ് പോഗ്ബ തന്റെ മുന്നിലിരുന്ന ബിയര്‍ കുപ്പി മാറ്റിവെച്ചത്. ഹെയ്‌നികെന്‍ കമ്പനിയുടെ ബിയര്‍ കുപ്പിയാണ് പോഗ്ബ മാറ്റിയത്. യൂറോയുടെ പ്രധാന സ്‌പോണ്‍സര്‍മാരില്‍ ഒരാളാണ് ഹെയ്‌നികെന്‍. ഇസ്ലാം മതവിശ്വാസിയായ പോഗ്ബ മദ്യ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അഭിനയിക്കാറില്ല. 2019ലാണ് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചത്. ഇതിന് ശേഷം ടീമിന്റെ ഷാംപെയ്ന്‍ ആഘോഷങ്ങളില്‍ നിന്നുപോലും അദ്ദേഹം വിട്ടുനില്‍ക്കാറാണ് പതിവ്.

Leave a Reply

Your email address will not be published. Required fields are marked *