പാക് ജഴ്സി അണിഞ്ഞ് കളി കാണാനെത്തിയ ഇന്ത്യക്കാരനെതിരെ പൊലീസ് പരാതി
പാകിസ്താൻ ജഴ്സി അണിഞ്ഞ് ഏഷ്യാ കപ്പ് കാണാനെത്തിയ ഇന്ത്യൻ ആരാധകനെതിരെ പൊലീസ് പരാതി. ഉത്തർപ്രദേശ് സ്വദേശിയായ സന്യം ജയ്സ്വാൾ എന്ന 42കാരനാണ് വെട്ടിലായിരിക്കുന്നത്. ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന മത്സരം കാണാനാണ് ഇയാൾ പാക് ജഴ്സി ധരിച്ച് സ്റ്റേഡിയത്തിൽ എത്തിയത്.
ഇയാൾക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. എന്നാൽ രാജ്യത്തിനു പുറത്ത് നടന്ന സംഭവമായതിനാൽ സർക്കാർ നിർദ്ദേശമനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
സ്റ്റേഡിയത്തിനു പുറത്തുനിന്ന് ഇന്ത്യൻ ജഴ്സി വാങ്ങാൻ സന്യം ശ്രമിച്ചെങ്കിലും അത് ലഭിച്ചില്ല. ഇതോടെയാണ് ഇയാൾ പാകിസ്താൻ ജഴ്സി വാങ്ങി അകത്തുകയറിയത്. പാകിസ്താൻ ജഴ്സിയാണ് അണിഞ്ഞതെങ്കിലും ജയ്സ്വാൾ ഇന്ത്യൻ പതാകയേന്തിയിരുന്നു. മത്സരത്തിനിടെ ഇന്ത്യക്കായി ആരവമുയർത്തിയ ജയ്സ്വാളിനെ പാക് ആരാധകർ ചോദ്യം ചെയ്യുന്ന വിഡിയോയും പുറത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഇയാൾക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടന്നിരുന്നു. വധഭീഷണിയടക്കം ഇയാൾ നേരിട്ടു. ഇതൊരു പ്രാങ്ക് ആയിരുന്നു എന്നും പാക് ആരാധകരെ പ്രകോപിപ്പിക്കലായിരുന്നു തൻ്റെ ശ്രമം എന്നും ജയ്സ്വാൾ പറയുന്നു.