ദാവൂദ് ഇബ്രാഹിമിനെ കണ്ടെത്തുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെതിരെ നടപടി ശക്തമാക്കി ദേശീയ അന്വേഷണ ഏജൻസി. ദാവൂദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കൂടാതെ ഇബ്രാഹിമിൻ്റെ കൂട്ടാളികളെ കുറിച്ച് വിവരം നൽകുന്നവർക്കും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഡി’ കമ്പനിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് എൻഐഎയുടെ പുതിയ നടപടി.
ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിം എന്ന ഹാജി അനീസ്, അടുത്ത ബന്ധുക്കളായ ജാവേദ് പട്ടേൽ എന്ന ജാവേദ് ചിക്‌ന, ഷക്കീൽ ഷെയ്ഖ് എന്ന ഛോട്ടാ ഷക്കീൽ, ടൈഗർ മേമൻ എന്ന ഇബ്രാഹിം മുഷ്താഖ് അബ്ദുൾ റസാഖ് മേമൻ എന്നിവരെ കണ്ടെത്താനാണ് എൻഐഎയുടെ ശ്രമം. ദാവൂദിന് 25 ലക്ഷം രൂപയും ഛോട്ടാ ഷക്കീലിന് 20 ഉം, അനീസ്, ചിക്ന, മേമൻ എന്നിവർക്ക് 15 ലക്ഷം വീതവുമാണ് പാരിതോഷികം.
1993ലെ മുംബൈ സ്‌ഫോടനം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ദാവൂദ്. ദാവൂദിനെ കൂടാതെ ലഷ്‌കറെ ത്വയ്യിബ തലവൻ ഹാഫിസ് സയീദ്, ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ, ഹിസ്ബുൾ മുജാഹിദ്ദീന്റെ സയ്യിദ് സലാഹുദ്ദീൻ, ഉറ്റ സഹായി അബ്ദുൾ റൗഫ് അസ്ഗർ എന്നിവരും ഇന്ത്യ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഈ വർഷം ഫെബ്രുവരിയിൽ ഇബ്രാഹിമിനെതിരെ എൻഐഎ പുതിയ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പാക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെയും തീവ്രവാദ ഗ്രൂപ്പുകളുടെയും സഹായത്തോടെ ഡി കമ്പനി ഇന്ത്യയിൽ പ്രത്യേക യൂണിറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും, വൻകിട രാഷ്ട്രീയക്കാരെയും വ്യവസായികളെയും ലക്ഷ്യമിട്ട് പദ്ധതിയിടുന്നതായും ഏജൻസിക്ക് വിവരം ലഭിച്ചിരുന്നു. ഇതോടൊപ്പം തീവ്രവാദികൾക്കും സ്ലീപ്പർ സെല്ലുകൾക്കും ഇതുവഴി സഹായം നൽകുമെന്നും ഏജൻസിക്ക് വിവരം ലഭിച്ചിരുന്നു.