ദ്രാവിഡ് കൊവിഡ് മുക്തനായി ഇന്ത്യൻ ടീമിനൊപ്പം ചേർന്നു
ഇന്ത്യൻ പുരുഷ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് കൊവിഡ് മുക്തനായി. ദ്രാവിഡ് ദുബായിൽ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ സംഘത്തിനൊപ്പം ചേർന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ദ്രാവിഡിനു പകരം താത്കാലിക പരിശീലകനായി ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്ന ദേശീയ ക്രിക്കറ്റ് അക്കാദമി പരിശീലകൻ വിവിഎസ് ലക്ഷ്മൺ ബെംഗളൂരുവിൽ മടങ്ങിയെത്തി.
ഏഷ്യാ കപ്പിനായി ഇന്ത്യൻ സംഘം യുഎഇയിലേക്ക് പോവാനിരിക്കെയാണ് ദ്രാവിഡ് കൊവിഡ് ബാധിതനായത്. സിംബാബ്‌വെ പര്യടനത്തിൽ ദ്രാവിഡ് ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. ഏഷ്യാ കപ്പ് പരിഗണിച്ച് ദ്രാവിഡിനു വിശ്രമം നൽകിയതിനാൽ ലക്ഷ്മൺ ആയിരുന്നു ഇന്ത്യയുടെ രണ്ടാം നിര സംഘത്തെ പരിശീലിപ്പിച്ചത്.
ഏഷ്യാ കപ്പിൽ ഇന്ത്യക്ക് ഇന്ന് ആദ്യ മത്സരം. പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ. രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ മത്സരം നടക്കും. ഇരു ടീമുകളിലും മികച്ച രണ്ട് താരങ്ങൾ പരുക്കേറ്റ് പുറത്താണ്. ഷഹീൻ ഷാ അഫ്രീദിയില്ലാതെ പാകിസ്താൻ ഇറങ്ങുമ്പോൾ ജസ്പ്രീത് ബുംറ ഇന്ത്യക്കായി കളിക്കില്ല.
കഴിഞ്ഞ ടി-20 ലോകകപ്പിൽ പാകിസ്താനോടേറ്റ പരാജയത്തിനു തിരിച്ചടി നൽകുക എന്നതാവും ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, പ്രകടനം ആവർത്തിച്ച് ഇന്ത്യയെ കീഴടക്കുക എന്ന ലക്ഷ്യവുമായി പാകിസ്താൻ ഇറങ്ങും.
കോലി ഇന്ത്യക്കായി ഓപ്പൺ ചെയ്യുമോ എന്നതാണ് മില്ല്യൺ ഡോളർ ചോദ്യം. സമീപകാലത്ത് രോഹിതിനൊപ്പം ടി-20യിൽ കോലി ഓപ്പൺ ചെയ്തിട്ടുണ്ട്. കോലി ഓപ്പൺ ചെയ്താൽ ലോകേഷ് രാഹുൽ മൂന്നാം നമ്പറിലിറങ്ങും. സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഹാർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരാവും ബാറ്റിംഗ് സാധ്യതകൾ. ദിനേഷ് കാർത്തികിന് അവസരം ലഭിക്കാനിടയില്ല. ഭുവനേശ്വർ കുമാറിനൊപ്പം അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ എന്നിവർ പേസർമാരാവും. യുസ്‌വേന്ദ്ര ചഹാൽ ആവും സ്പെഷ്യലിസ്റ്റ് സ്പിന്നർ.