സഊദി പ്രവേശന വിലക്ക് ഒരാഴ്ച്ച കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം
റിയാദ്: സഊദിയിലേക്കുള്ള പ്രവേശന വിലക്ക് ഒരാഴ്ച കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യോമ, ജല, കര അതിർത്തികൾ അടഞ്ഞു തന്നെ കിടക്കുമെന്നും രാജ്യത്തേക്കുള്ള പ്രവേശന വിലക്ക് ഒരാഴ്ച കൂടി തുടരുമെന്നാണ് സഊദി ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച പുലർച്ചെ പുറത്തിറക്കിയ പ്രസ്താവാനായിൽ വ്യക്തമാക്കിയത്. ഇതോടെ, ഒരാഴ്ച്ചക്ക് ശേഷം രാജ്യത്തേക്കുള്ള പ്രവേശന വിലക്ക് പുനഃപരിശോധിച്ച് ആവശ്യമെങ്കിൽ പ്രവേശനം അനുവദിച്ചേക്കും.
സഊദിയിൽ നിന്നും പുറത്തേക്കുള്ള വിമാന സർവ്വീസുകൾ അനുവദിക്കുമെന്നും വിദേശികൾക്ക് രാജ്യത്ത് നിന്നും പോകാമെന്നും സഊദി സിവിൽ എവിയേഷൻ അതോറിറ്റി അറിയിച്ചിരുന്നു. ഇതോടെ, സഊദിയിൽ നിന്നും നാട്ടിലേക്ക് പോകാനായി ഒരുങ്ങിയ പ്രവാസികൾക്ക് ആശ്വാസമായെങ്കിലും സഊദിയിലേക്ക് പ്രവേശനം കാത്ത് കഴിയുന്നവർ നിരാശയിലായിരുന്നു. ഇതിനിടെയാണ് ഒരാഴ്ച്ചക്ക് ശേഷം പ്രവേശനാനുമതി സാധ്യത അറിയിച്ച് ആഭ്യന്തര മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയത്.
കഴിഞ്ഞയാഴ്ചയാണ് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയെന്ന വാർത്തയെ തുടർന്ന് സഊദി അറേബ്യ എല്ലാ അന്താരാഷ്ട്ര വാണിജ്യ വിമാനങ്ങളും എല്ലാ കര, കടൽ തുറമുഖങ്ങളിലൂടെ രാജ്യത്തിലേക്കുള്ള പ്രവേശനവും ഏഴു ദിവസത്തേക്ക് നിർത്തി വെച്ചതായി പ്രഖ്യാപിച്ചത്. താൽക്കാലിക സസ്പെൻഷൻ ഒരാഴ്ച്ചക്ക് ശേഷം പുനഃപരിശോധിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒരാഴ്ച കൂടി പ്രവേശന വിലക്ക് നീട്ടിയത്.
ഡിസംബർ 8 മുതൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നോ പുതിയ വൈറസ് കണ്ടെത്തിയ ഏതെങ്കിലും രാജ്യങ്ങളിൽ നിന്നോ മടങ്ങിയെത്തിയവർ സഊദി അറേബ്യയിൽ പ്രവേശിച്ച തീയതി മുതൽ രണ്ടാഴ്ചത്തേക്ക് ക്വാറന്റൈനിൽ പ്രവേശിക്കണമെന്നും ഓരോ അഞ്ച് ദിവസത്തിലും കൊറോണ പരിശോധന നടത്തണമെന്നും വ്യക്തമാക്കിയിരുന്നു.