രാജ്യത്തെ എല്ലാ ആഭ്യന്തര വിമാനസർവീസുകളും ചൊവ്വാഴ്ച അർധരാത്രി മുതൽ നിർത്തും
രാജ്യത്തെ എല്ലാ ആഭ്യന്തര വിമാനസർവീസുകളും ചൊവ്വാഴ്ച അർധരാത്രി മുതൽ നിർത്തിവെക്കും. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. എന്നുവരെയാണ് നിയന്ത്രണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
വിമാനങ്ങൾ ചൊവ്വാഴ്ച അർധരാത്രി 11.59ന് മുമ്പായി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരുന്ന വിധത്തിൽ സമയം ക്രമീകരിക്കാൻ നിർദേശം നൽകി കഴിഞ്ഞു. നേരത്തെ അന്താരാഷ്ട്ര വിമാനസർവീസുകളും ട്രെയിൻസർവീസുകളും അന്തർ സംസ്ഥാന ബസ് സർവീസുകളും നിർത്തിവെച്ചിരുന്നു. ഇതോടെ രാജ്യം പൂർണമായും സ്തംഭനാവസ്ഥയിലേക്കാണ് നീങ്ങുന്നത്.
രാജ്യത്തെ വിമാനത്താവളങ്ങൾ അടച്ചിടാനും തീരുമാനമായിട്ടുണ്ട്. അതേസമയം ലോക് ഡൗൺ എന്ന നിർദേശം സംസ്ഥാനങ്ങൾ കർശനമായി നടപ്പാക്കണമെന്ന് കേന്ദ്രസർക്കാർ വീണ്ടും ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾ ഭാഗികമായി നടപ്പാക്കിയതു കൊണ്ട് കാര്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.