പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനം കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച്: മുഖ്യമന്ത്രി
പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനം കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. സമയക്രമം പാലിച്ച് നിശ്ചിത എണ്ണം വിദ്യാർത്ഥികളെ മാത്രമേ പ്രവേശനം നടക്കുന്ന സ്ഥലത്തേക്ക് കടത്തിവിടാവൂ. കുട്ടികൾ പ്രവേശിക്കുന്നതു മുതൽ തിരിച്ച് പോകുന്നതു വരെയുള്ള കാര്യങ്ങൾ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിൽ ആയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 4531 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പർക്കം മൂലം 3730 പേർക്ക് രോഗബാധയുണ്ടായി. ഇതിൽ 351 കേസുകളുടെ ഉറവിടം വ്യക്തമല്ല. 71 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. 10 പേർ മരണപ്പെട്ടു. 34314 പേർ കൊവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നുണ്ട്. 45730 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത്. രോഗമുക്തരായത് 2737 പേരാണ്.