രാജസ്ഥാനിൽ റാലിയുമായി പ്രധാനമന്ത്രി; കോൺഗ്രസിനെതിരെ രൂക്ഷവിമർശനം; ബിജെപിയുടെ മിസ്ഡ് കോൾ ക്യാംപെയിനും തുടക്കം
ജയ്പൂർ: തെരഞ്ഞെടുപ്പടുത്ത രാജസ്ഥാനിൽ റാലിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മിസ്ഡ് കോൾ ക്യാംപെയിന് തുടക്കമായതായും ബിജെപി അറിയിച്ചു. കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. കോൺഗ്രസ് ഭരണം റിമോട്ട് കൺട്രോളിലൂടെയാണ്. പാവങ്ങളെ പറ്റിക്കുകയും ചൂഷണം ചെയ്യുകയുമാണ് കോൺഗ്രസിന്റെ നയമെന്നും മോദി കുറ്റപ്പെടുത്തി. രാജസ്ഥാൻ ഇത്കാരണം ഒരുപാട് ബുദ്ധിമുട്ടി. 2014 ന് മുമ്പ് രാജ്യം അഴിമതിയുടെ കൊടുമുടിയിലായിരുന്നു.
പ്രതിപക്ഷത്തെയും കോൺഗ്രസിനെയും പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷം പാർലമെന്റ് ഉദ്ഘാടനത്തെ രാഷ്ട്രീയവൽക്കരിച്ചുവെന്നും മോദി പറഞ്ഞു. കോൺഗ്രസ് എല്ലാ വിഭാഗം ജനങ്ങളെയും വഞ്ചിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തു. കോൺഗ്രസ് ഓരോ പദ്ധതിക്കും 85 ശതമാനം കമ്മീഷൻ അടിച്ചു. കോൺഗ്രസ് ഉണ്ടാക്കിയ പോരായ്മകൾ പരിഹരിച്ചതുകൊണ്ടാണ് തങ്ങൾക്ക് രാജ്യത്ത് വികസനം കൊണ്ടുവരാനായത്. പാർലമെന്റ് ഉദ്ഘാടനം ബഹിഷ്കരിച്ചതിലൂടെ കോൺഗ്രസ് അറുപതിനായിരം പേരുടെ കഠിനാധ്വാനത്തെ അപമാനിച്ചു. ഇന്ത്യയിലെ ജനങ്ങളുടെ വികാരത്തെയും സ്വപ്നങ്ങളെയും അപമാനിച്ചു എന്നും മോദി കുറ്റപ്പെടുത്തി.