Monday, April 14, 2025
Kerala

വീട് ആക്രമിച്ചു, യുവാക്കളെ മർദ്ദിച്ചു, വാഹനങ്ങൾ തകർത്തു, ഒരാളെ വെടിവച്ചു, ചേർത്തല ഗുണ്ടാവിളയാട്ടത്തിൽ അറസ്റ്റ്

ചേർത്തല: ചേർത്തലയിൽ ഗുണ്ടാ ആക്രമണങ്ങൾക്കിടെ ഒരാൾക്ക് വെടിയേറ്റ സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിരവധി അക്രമങ്ങൾ ചെയ്തുകൂട്ടിയ സംഭവത്തിലാണ് അറസ്റ്റ്. രണ്ട് യുവാക്കളെ ക്രൂരമായി മർദ്ദിച്ച സംഘം ഒരാളെ വെടിവെച്ച് പരിക്കേൽപ്പിക്കുകയും വീടുകൾ തല്ലിത്തകർക്കുകയും വീട്ടുപകരണങ്ങളും വാഹനങ്ങളും തല്ലി തകർക്കുകയും ചെയ്തിരുന്നു.

നഗരത്തിൽ ജിംനേഷ്യത്തിനു നേരെ സ്ഫോടക വസ്തു എറിഞ്ഞതിന്റെ തുടർച്ചയായിരുന്നു അക്രമ പരമ്പര. ഈ ആക്രമണങ്ങളിൽ ഒരാൾക്ക് എയർഗണ്ണിൽ നിന്ന് വെടിയേൽക്കുകയായിരുന്നു. അതേസമയം തന്നെ വിവിധയിടങ്ങളിലുള്ള മൂന്നു വീടുകൾക്കു നേരെയും അക്രമമുണ്ടായി. ഏതാനും വാഹനങ്ങളും തകർത്തു. ദേശീയപാതയിൽ ഒറ്റപ്പുന്നകവലക്കു സമീപമായിരുന്നു അക്രമങ്ങളുടെ തുടക്കം. ഇവിടെ രണ്ടു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇതിന്റെ തുടർച്ചയായി വയലാറിൽ എയർഗൺ ഉപയോഗിച്ച് വെടിവയ്പ്പുണ്ടായി. മുതുകിൽ വെടിയേറ്റ് പരിക്കേറ്റ വയലാർ പഞ്ചായത്ത് എട്ടാം വാർഡ് ഗണേഷ് നികർത്ത് രഞ്ജിത്ത് (26) ആണ് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിയോടുകൂടിയായിരുന്നു സംഭവം. വയലാർ ഭാഗത്ത് വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കൾക്ക് നേരെ വെടിയുതിർക്കുകയും തുടർന്ന് വടക്കേ അങ്ങാടി കവലയ്ക്ക് സമീപമുള്ള വീട് ആക്രമിച്ചു. വീട്ടുപകരണങ്ങളും വാഹനങ്ങളും തല്ലി തകർക്കുകയും കാർത്യാനി ബാറിനു മുൻവശം വെച്ച് രണ്ട് യുവാക്കളെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു ഇവർ.

വയലാർ പഞ്ചായത്ത് ഒമ്പതാം വാർഡിൽ ചെട്ടിശ്ശേരിച്ചിറ വീട്ടിൽ സച്ചു എന്ന് വിളിക്കുന്ന സുരാജ്, ചേർത്തല മുനിസിപ്പൽ എട്ടാം വാർഡിൽ കൂമ്പേൽ വീട്ടിൽ അഭിരാം, കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡിൽ നന്ദനം വീട്ടിൽ അനന്തകൃഷ്ണൻ, വയലാർ പഞ്ചായത്ത് ഒന്നാം വാർഡിൽ കുളവൻചിറ വീട്ടിൽ രാഹുൽ, പട്ടണക്കാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ പുൽപ്പാറ കോളനിയിൽ രാഹുൽ, പട്ടണക്കാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ രാഹുൽ നിവാസിൽ ഡാലി എന്ന് വിളിക്കുന്ന രാഹുൽ, എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി പോലീസ് അറസ്റ്റ് ചെയ്തത്.

ചേർത്തല പട്ടണക്കാട് മുഹമ്മ പോലീസ് സ്റ്റേഷനിലെ വിവിധ കേസുകളിൽ പ്രതികളാണ് ഇവർ. ഇതിൽ സച്ചു എന്ന് വിളിക്കുന്ന സുരാജ്, ചന്തു എന്ന് വിളിക്കുന്ന രാഹുൽ, അഭിരാം എന്നിവർക്കെതിരെ മുൻപ് കാപ്പാ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിരുന്നതാണ്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

­

Leave a Reply

Your email address will not be published. Required fields are marked *