Monday, April 14, 2025
Kerala

ഇനി പഠനകാലം; മധ്യവേനലവധിക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്‌കൂളുകളിലേക്ക്

മധ്യവേനലവധിക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്‌കൂളുകളിലേക്ക്. മൂന്നു ലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. വിദ്യാലയങ്ങളില്‍ പ്രവേശനോത്സവത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

രണ്ടു മാസത്തെ അവധിക്കാലത്തിന് ശേഷമാണ് കളിചിരികളുമായി കുരുന്നുകള്‍ സ്‌കൂള്‍മുറ്റത്തേക്ക് എത്തുന്നത്. മലയന്‍കീഴ് സ്‌കൂളില്‍ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദര്‍ശിപ്പിക്കും. ഇതേ സമയം തന്നെ ജില്ലാതലത്തിലും സ്‌കൂള്‍തലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്. ജില്ലാതലങ്ങളില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ആവും പ്രവേശനോത്സവ പരിപാടികള്‍ നടക്കുക.

വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് സര്‍ക്കാര്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. ലഹരി ഉപയോഗവും വില്‍പനയും തടയുന്നതിനുള്ള സഹായം ആഭ്യന്തരവകുപ്പ് നല്‍കും. സ്‌കൂള്‍ബസ്സുകള്‍, സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഗതാഗത വകുപ്പും ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് കൂടുതല്‍ ട്രാഫിക് പൊലീസിന്റെ സേവനവും ഉറപ്പാക്കി.

Leave a Reply

Your email address will not be published. Required fields are marked *