സംഭാവന വരവ് കുറഞ്ഞു; ചെലവ് ചുരുക്കാന്‍ കോണ്‍ഗ്രസ്
ലോകസഭാ തെരഞ്ഞെടുപ്പ് അടക്കം മുന്നില്‍ കണ്ട് കോണ്‍ഗ്രസില്‍ ചെലവ് ചുരുക്കല്‍. നേതാക്കള്‍ 1400 കിലോമീറ്റര്‍വരെ തീവണ്ടിയില്‍ യാത്ര ചെയ്യണം എന്നതടക്കമാണ് നിര്‍ദ്ദേശം. എം.പിമാര്‍ സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഉപയോഗിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തണം എന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെടുന്നു.
രാഷ്ട്രീയമായി മാത്രമല്ല സാമ്പത്തികമയും വലിയ പ്രതിസന്ധി കോണ്‍ഗ്രസ് നേരിടുന്നുണ്ട്. ലഭിക്കുന്ന സംഭാവനയില്‍ ഉണ്ടായ കുറവാണ് ഇതിന് പ്രധാന കാരണം. 2020-21 കാലത്ത് പാര്‍ട്ടിക്ക് ലഭിച്ച സംഭാവന 285.76 കോടി രൂപ മാത്രമാണ്. മുന്‍വര്‍ഷം ഇത് 682.21 കോടിയും 2018-19 കാലത്ത് 918.03 കോടിയും ആയിരുന്നു. ഈ സാഹചര്യത്തിലാണ് മുണ്ട് മുറുക്കിയുടുക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം.
എല്ലാ നേതാക്കളും അടിയന്തിര സാഹചര്യത്തില്‍ ഒഴിച്ച് 1400 കിലോമീറ്റര്‍വരെ തീവണ്ടിയില്‍ മാത്രമെ യാത്ര ചെയ്യാവൂ. പാര്‍ട്ടിയുടെ സെക്രട്ടറിമാര്‍ക്ക് വിമാനയാത്ര ഇനി മാസത്തില്‍ രണ്ട് തവണ ആകും ലഭിക്കുക. സേവാദളിന്റെ മാസബജറ്റ് രണ്ടരലക്ഷത്തില്‍നിന്ന് രണ്ട് ലക്ഷമാക്കി വെട്ടിക്കുറച്ചു. പാര്‍ട്ടി പ്രവര്‍ത്തനത്തിന് എം.പി.മാരോട് സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനും പാര്‍ട്ടി നിര്‍ദേശിച്ചു. എം.പിമാര്‍ പ്രതിമാസം 50,000 രൂപ ലെവിയും 20,000 രൂപ ഓഫിസ് ആവശ്യങ്ങള്‍ക്കും നല്‍കുന്നത് തുടരണം.