അതിര്‍ത്തി സംഘര്‍ഷം പാര്‍ലമെന്റില്‍; കേന്ദ്രസര്‍ക്കാരിന്റെ മൗനം സംശയകരമെന്ന് കോണ്‍ഗ്രസ്
ഇന്ത്യ- ചൈന അതിര്‍ത്തി അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. 12 പ്രതിപക്ഷ പാര്‍ട്ടികള്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സംയുക്തമായ് പ്രതിഷേധിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം സംശയകരമാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റെ അജണ്ട പാര്‍ലമെന്റ് സമ്മേളനത്തിലെ തുടര്‍ സമീപനം വിലയിരുത്തലായിരുന്നു. ഇരുസഭകളിലെയും അംഗങ്ങള്‍ യോഗത്തിന്റെ ഭാഗമായി. അദ്ധ്യക്ഷത വഹിച്ച സോണിയാഗാന്ധി സര്‍ക്കാരിനെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാക്കണമെന്ന് നിര്‍ദേശിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് പിന്നാലെ കോണ്‍ഗ്രസ്സിന്റെ നേത്യത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തില്‍ 12 പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുത്തു.
അതിര്‍ത്തിയിലെ വീഴ്ച മറച്ചുവയ്ക്കാനുള്ള സര്‍ക്കാരിന്റെ നീക്കമാണ് പ്രധാന മന്ത്രി സഭയില്‍ മറുപടി പറയാത്തിന് കാരണമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗേ കുറ്റപ്പെടുത്തി. ലോകസഭ സമ്മേളിച്ചപ്പോള്‍ വിഷയത്തില്‍ സഭ നിര്‍ത്തി വച്ച് അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതോടെ സഭ പ്രക്ഷുബ്ദമായി. 12 മണിവരെ ആണ് ലോകസഭ നിര്‍ത്തിയത്. തവാങ്ങ് വിഷയത്തില്‍ രാജ്യസഭയിലും കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.
അതേസമയം അതിര്‍ത്തി സംഘര്‍ഷം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. സഭയുടെ വിലപ്പെട്ട സമയം കവരുന്ന പ്രതിഷേധത്തില്‍ നിന്ന് പ്രതിപക്ഷം യാഥാര്‍ത്ഥ്യ ബോധത്തോട് പിന്മാറുകയാണ് വേണ്ടതെന്ന് നിയമ മന്ത്രി കിരണ്‍ റിജിജു മാധ്യമങ്ങളോട് വ്യക്തമാക്കി..