Tuesday, January 7, 2025
National

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന അസംതൃപ്തിക്കു പരിഹാരമായി രാഹുലിനെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്നേക്കുമെന്ന സൂചന. കഴിഞ്ഞ ദിവസം സോണിയാഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന നേതൃതയോഗത്തിലാണ് ഇത്തരമൊരു അഭിപ്രായമുയര്‍ന്നത്. എന്നാല്‍ വിവരം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

കോണ്‍ഗ്രസ് ഒരു കുടുംബം പോലെയാണെന്ന് വിശദീകരിച്ച സോണിയാഗാന്ധി പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളുടെ പ്രശ്‌നങ്ങള്‍ തീര്‍ന്നില്ലെങ്കില്‍ വീണ്ടും ചില യോഗങ്ങള്‍ വിളിച്ചുചേര്‍ത്തേക്കുമെന്നും പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസങ്ങള്‍ക്കു ശേഷമാണ് കോണ്‍ഗ്രസ് നേതൃയോഗം വിളിക്കുന്നത്. വിമതരുള്‍പ്പെടെ വിവിധ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. സോണിയാഗാന്ധി, പ്രിയങ്കാഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങി 19 പേരാണ് യോഗത്തിനെത്തിയത്.

പാര്‍ട്ടി ഒരു കുടുംബമാണെന്നും എല്ലാവരും ചേര്‍ന്നാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതെന്നും സോണിയ പറഞ്ഞു. വിമതനേതാക്കള്‍ തങ്ങളുടെ വിയോജിപ്പുകളും സോണിയാഗാന്ധിയെ ധരിപ്പിച്ചു. വിമതതരുടെ പ്രശ്‌നങ്ങള്‍ ഇടപെട്ട് പരിഹരിക്കുമെന്ന് സോണിയാഗാന്ധി ഉറപ്പുനല്‍കി.

പാര്‍ട്ടി ഏത് തരം ഉത്തരവാദിത്തം ഏല്‍പ്പിച്ചാലും അത് ശിരസാവഹിക്കുമെന്ന് യോഗത്തില്‍ രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി. എങ്കില്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന് നേതാക്കള്‍ നിര്‍ദേശിച്ചപ്പോള്‍ അത് തിരഞ്ഞെടുപ്പു വഴിയാവുന്നതാണ് അനുയോജ്യമെന്ന് രാഹുല്‍ പ്രതികരിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *