മഥുര റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ തിരികെ ലഭിച്ചു; ബിജെപി നേതാവും ഭർത്താവും പിടിയിൽ
മഥുര റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ തിരികെ ലഭിച്ചു. കുഞ്ഞിനെ തിരികെ മാതാപിതാക്കളെ ഏല്പിച്ചു. സ്ഥലത്തെ ബിജെപി നേതാവിൽ നിന്നാണ് കുഞ്ഞിനെ കണ്ടെടുത്തത്. കേസിൽ ബിജെപി നേതാവും ഭർത്താവും ഉൾപ്പെടെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫിറോസാബാദ് മുനിസിപ്പിപ്പൽ കോർപ്പറേഷനിലെ വിനീത അഗർവാളാണ് പൊലീസ് പിടിയിലായത്. വിനീതയും ഭർത്താവ് കൃഷ്ണ മുരാരി അഗർവാളും 1.80 ലക്ഷം രൂപയ്ക്ക് ഈ കുഞ്ഞിനെ വാങ്ങുകയായിരുന്നു. ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ഉണ്ടെങ്കിലും ആൺകുഞ്ഞിനെ വേണമെന്ന ആഗ്രഹത്തിലാണ് ഇവർ ഈ കുഞ്ഞിനെ വാങ്ങിയത്.
ഈ മാസം 24ന് രാവിലെ 4 മണിക്കാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആറ് സംഘങ്ങൾ കേസ് അന്വേഷിച്ചു. സ്റ്റേഷനിൽ കായം വിൽക്കുന്ന ദീപ് കുമാറാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് മനസ്സിലാക്കിയ പൊലീസ് ഇയാളെ ആദ്യം പിടികൂടി. പ്രേം ബിഹാരി, ദയാവതി എന്നിവരാണ് ആൺകുഞ്ഞിനെ വാങ്ങാൻ താത്പര്യമുള്ളവരെ കണ്ടെത്തിയത്. ഇവർക്കൊപ്പം പൂനം, വിംലേഷ്, മഞ്ജീത് എന്നിവരെയും പൊലീസ് പിടികൂടി.