കേരളത്തിൽ നിന്നെത്തുന്ന എല്ലാവർക്കും ഇനി കർണാടകയിൽ ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ
കേരളത്തിൽ നിന്നെത്തുന്ന എല്ലാവർക്കും ഇനി കർണാടകയിൽ ഏഴ് ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കി. രണ്ട് ഡോസ് വാക്‌സിൻ സർട്ടിഫിക്കറ്റും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇനി പരിഗണിക്കില്ല. ഏഴ് ദിവസവും സർക്കാർ കേന്ദ്രങ്ങളിൽ ക്വാറന്റൈനിൽ കഴിയണം. എട്ടാം ദിവസം നടത്തുന്ന കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായാൽ മാത്രമേ പുറത്തിറങ്ങാൻ അനുവദിക്കൂ
കേരളത്തിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും നിയന്ത്രണങ്ങൾ തുടരും.
ടിപിആർ രണ്ട് ശതമാനത്തിൽ താഴെയുള്ള ജില്ലകളിലെ ആറ് മുതൽ എട്ട് വരെയുള്ള ക്ലാസുകൾ തുറക്കാനും കർണാടക തീരുമാനിച്ചു. കർണാടകയിൽ ഇന്ന് 973 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്.