വിദേശത്ത് നിന്നെത്തുന്ന എല്ലാവർക്കും കൊവിഡ് പരിശോധന സൗജന്യമാക്കി; നാളെ മുതൽ മൊബൈൽ ആർടിപിസിആർ ലാബും
വിദേശത്ത് നിന്ന് കേരളത്തിലേക്കെത്തുന്ന എല്ലാവർക്കും കൊവിഡ് പരിശോധന സൗജന്യമാക്കി. വിമാനത്താവളങ്ങളിൽ വെച്ച് എല്ലാവർക്കും സൗജന്യമായി ആർടിപിസിആർ ടെസ്റ്റുകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
ജനിതക മാറ്റം സംഭവിച്ച വൈറസ് കേരളത്തിലേക്ക് എത്തുന്നുണ്ടോ എന്നറിയാൻ വരുന്നവർക്കെല്ലാം ഉടനെ പരിശോധന നിർബന്ധമാക്കും. കൊവിഡ് വ്യാപനം കേരളത്തിൽ ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾ വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്.
സംസ്ഥാനത്ത് മൊബൈൽ ആർടിപിസിആർ പരിശോധനാ ലാബുകൾ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. പരിശോധനക്ക് 448 രൂപ മാത്രമാണ് ചാർജ്. 24 മണിക്കൂറിനുള്ളിൽ ഫലം നൽകാത്ത ലബോറട്ടറികളുടെ ലൈസൻസ് റദ്ദാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ആർടിപിസിആർ പരിശോധനകളുടെ എണ്ണം പരമാവധി വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണഅ മൊബൈൽ ലാബുകൾ സജ്ജമാക്കുന്നത്. സ്വകാര്യ ലാബുകളിൽ പിസിആർ പരിശോധനക്ക് 1700 രൂപ ഈടാക്കുമ്പോൾ മൊബൈൽ ലാബിൽ 448 രൂപ മാത്രമാണ് ചെലവ്. തിരുവനന്തപുരത്ത് നാളെ ആരംഭിക്കും. മറ്റ് ജില്ലകളിൽ മാർച്ച് പകുതിയോടെയും മൊബൈൽ ലാബുകൾ ആരംഭിക്കും.