പതിനായിരത്തോളം സർക്കാർ ജീവനക്കാർ ഇന്ന് വിരമിക്കും
സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ സർവീസിൽ നിന്ന് ഇന്ന് വിരമിക്കുന്നത് പതിനായിരത്തോളം പേർ. വിരമിക്കൽ ആനുകൂല്യം നൽകാനായി 2,000 കോടി രൂപ സർക്കാർ കടമെടുക്കും. 25 ലക്ഷം രൂപയ്ക്ക് മേലുള്ള ബില്ലുകൾ മാറാൻ ധന വകുപ്പിൻ്റെ പ്രത്യേക അനുമതിയും വേണം.
സർക്കാർ സർവീസിൽ നിന്ന് ഈ വർഷം ആകെ വിരമിക്കുന്നത് 21,537 പേർ. ഇതിൽ പകുതിയോളം പേർ വരും ദിവസങ്ങളിൽ പടിയിറങ്ങും. ജൂണിൽ സ്കൂൾ പ്രവേശനം ഉറപ്പിക്കാനായി മെയിൽ ജനനത്തീയതി രേഖപ്പെടുത്തുന്ന രീതി മുമ്പുണ്ടായിരുന്നതിനാലാണ് ഈ മാസം കൂട്ടവിരമിക്കൽ വന്നത്. ഇതോടെ 1,500 കോടി രൂപയോളം വിരമിക്കൽ ആനുകൂല്യത്തിനായി സർക്കാർ നീക്കി വയ്‌ക്കേണ്ടിവരും.
ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ, പിഎഫ്, പെന്‍ഷന്‍ കമ്യൂട്ടേഷന്‍, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ്പ് ഇൻഷുറൻസ് തുടങ്ങിയവയാണ് പെൻഷൻ ആനുകൂല്യങ്ങൾ. വിരമിക്കൽ വഴി ഉണ്ടാകുന്ന ഒഴിവുകൾ നികത്താൻ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ആക്ഷേപവും ശക്തമാണ്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ കാലതാമസം കാരണം റാങ്ക് പട്ടികയുടെ കാലാവധി പൂർത്തിയാകും മുമ്പ് ഉദ്യോഗാർത്ഥികൾ തഴയപ്പെടുന്നുവെന്നും പരാതിയുണ്ട്.