ബ്രിജ് ഭൂഷണെതിരായ പ്രതിഷേധം; ഗുസ്തി താരം ഗീത ഫോഗട്ടും ഭർത്താവും പൊലീസ് കസ്റ്റഡിയിൽ
ബിജെപി നേതാവും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായി ഗുസ്തി താരങ്ങളുടെ സമരം നടക്കുന്നതിനിടെ ഗുസ്തി താരം ഗീത ഫോഗട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗീത ഫോഗട്ടും ഭർത്താവ് പവൻ സരോഹയുമാണ് ഡൽഹി പൊലീസിന്റെ കസ്റ്റഡിയിലായത്. ഗുസ്തി താരങ്ങൾ പ്രതിഷേധം നടത്തുന്ന ജന്തർ മന്തറിലേക്ക് വരുന്നതിനിടെ കർണാലിൽ വച്ച് ഇരുവരെയും പൊലീസ് കസ്റ്റഡിലെടുക്കുകയായിരുന്നു.
തന്റെ സഹോദരങ്ങളെ സന്ദർശിക്കാൻ എത്തിയതിൽ നിന്നും പൊലീസ് തടഞ്ഞെന്നും ഇതങ്ങേയറ്റം അപലപനീയമാണെന്നും ഗീത ട്വീറ്റിൽ പറഞ്ഞു. ഒന്നുകിൽ വീട്ടിലേക്ക് മടങ്ങുക അല്ലെങ്കിൽ പൊലീസിലേക്ക് പോകുക എന്ന രണ്ട് വഴികളെ ഉള്ളൂവെന്നും പൊലീസ് പറഞ്ഞു. സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും അടക്കമുള്ളവരാണ് നിലവിൽ സമരത്തിന്റെ മുൻനിരയിൽ ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നത്. വിനേഷ് ഫോഗട്ടിന്റെ ബന്ധുവും മുൻ കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവും ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവുമാണ് ഗീത ഫോഗട്ട്.
ഇന്നലെ അർധരാത്രിയും ഇന്ന് പുലർച്ചെയും ജന്തർ മന്തറിൽ ഡൽഹി പൊലീസും ഗുസ്തി താരങ്ങളും ഏറ്റുമുട്ടിയിരുന്നു. സമരക്കാരെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ചുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.സംഘർഷത്തിനിടെ പൊലീസ് മർദ്ദിച്ചതായി ഗുസ്തി താരങ്ങൾ പരാതി ഉന്നയിച്ചു. മദ്യപിച്ച പൊലീസുകാരാണ് മർദ്ദിച്ചതെന്നാണ് ആരോപണം.
അതിനിടെ രാജ്യത്തിന് വേണ്ടി നേടിയ മെഡലുകൾ സർക്കാരിന് തിരികെ നൽകാൻ തയ്യാറാണെന്ന് ഒളിമ്പിക്സ് മെഡൽ ജേതാവ് ബജ്‌രംഗ് പൂനിയ മാധ്യമങ്ങളോട് പറഞ്ഞു.സമരത്തെ തകർക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. പെൺകുട്ടികളുടെ സുരക്ഷയിൽ രാഷ്ട്രീയം വന്നത് എവിടെ നിന്നാണെന്നും കിടന്നുറങ്ങാനുള്ള അവകാശം പോലുമില്ലേ എന്നും അദ്ദേഹം ചോദിച്ചു.