തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കാൻ ശ്രമം; ത്രിപുരയിൽ ബംഗാൾ മോഡൽ സഖ്യത്തിനൊരുങ്ങി സിപിഐഎം
ത്രിപുരയിൽ ബംഗാൾ മോഡൽ സഖ്യത്തിനൊരുങ്ങി സിപിഐഎം. തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കാനാണ് ശ്രമം. മറ്റ് പാർട്ടികളുമായുള്ള സഖ്യം സംബന്ധിച്ച് സംസ്ഥാന സമിതി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
അധികാരം നഷ്ടപ്പെട്ട ത്രിപുരയിൽ, അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടക്കാനാണ് സിപിഐഎമ്മിന്റെ നീക്കം. ഡൽഹിയിൽ ചേർന്ന സി.പി.എം പോളിറ്റ് ബ്യൂറോ ത്രിപുരയിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി.
ജനുവരി 9, 10 തീയതികളിൽ സംസ്ഥാന സമിതി ചേരും. ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് നീക്കു പൊക്കുകൾ സംബന്ധിച്ച് സംസ്ഥാന സമിതി തീരുമാനിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ത്രിപുരയിൽ രാഷ്ട്രീയമായി വലിയ തിരിച്ച് വരവിനാണ് സി.പി.എം ലക്ഷ്യമിടുന്നത്. ബിജെപി-ഐപിഎഫ്ടി സഖ്യം അധികാരത്തിലിരിക്കുന്ന ത്രിപുരയിൽ കോൺഗ്രസുമായി സഖ്യം സംബന്ധിച്ച കാര്യങ്ങൾ ജനുവരി അവസാനം കൊൽക്കത്തയിൽ ചേരുന്ന സി.പി.എം കേന്ദ്ര കമ്മറ്റിയും ചർച്ച ചെയ്യും.
സി.പി.ഐ, ഫോർവേർഡ് ബ്ലോക്ക് , ആർ.എസ്.പി തുടങ്ങിയ ഇടത് പാർട്ടികളുടെ നിലപാട് കൂടി കണക്കിലെടുത്താകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം. പുതിയ ഗോത്ര പാർട്ടിയായ തിപ്ര മോതോയുമായുള്ള സഖ്യസാധ്യതകളെ കുറിച്ചും സിപിഐഎം പരിശോധിക്കുണ്ട്. ഇത്തവണ തൃണമൂൽ കോണ്ഗ്രസ് കൂടി മത്സരിക്കും എന്ന് ഉറപ്പായ സാഹചര്യത്തിൽ ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിച്ചു പോകുന്നത് തടയാനാണ് സിപിഐഎമ്മിന്റെ ശ്രമം.