ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് സിപിഐഎം
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് സിപിഐഎം. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ യാത്രയ്ക്ക് കഴിയുമെന്നാണ് സിപിഐഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശം. കോണ്‍ഗ്രസിനെ ഏകീകരിക്കാനും രക്ഷിക്കാനുമുള്ള ശ്രമമാണ് ഭാരത് ജോഡോ യാത്രയെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ കടന്നുപോയപ്പോള്‍ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഉള്‍പ്പെടെ യാത്രയെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാടുകള്‍ വ്യക്തമാക്കുന്നതാണ് സിപിഐഎമ്മിന്റെ കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭാരത് ജോഡോ യാത്രയ്ക്ക് ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
മുന്‍പ് കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കുന്ന ഘട്ടത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഭാരത് ജോഡോ യാത്രയ്ക്ക് അനുകൂലമായി സംസാരിച്ചിരുന്നു. ഇത്തരം യാത്രകള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും എല്ലാ പാര്‍ട്ടികള്‍ക്കും ഇത്തരം യാത്രകള്‍ നടത്താവുന്നതാണെന്നും യെച്ചൂരി പ്രതികരിച്ചിരുന്നു.