ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനീക്കം ശക്തമാകുന്നു; യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി ഓം പ്രകാശ് ചൗത്താല
ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനീക്കം ശക്തമാകുന്നു. സെപ്തംബർ 25 ന് ഹരിയാനയിൽ നടക്കുന്ന റാലിയെ പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കാനാണ് ഐഎൻഎൽഡി നേതാവ് ഓം പ്രകാശ് ചൗത്താലയുടെ നീക്കം. ഡൽഹിയിൽ എത്തിയ ചൗത്താല സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. –
മുൻ ഉപപ്രധാനമന്ത്രി ചൗധരി ദേവി ലാലിന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ച് ഹരിയാനയിലെ ഫത്തേഹ് ബാദിൽ നടക്കുന്ന റാലി പ്രതിപക്ഷ ഐക്യത്തിന്റെ ശക്തി പ്രകടനമാക്കാനാണ് ഐഎൻഎൽഡിയുടെ ശ്രമം.
റാലിയിലേക്ക് എല്ലാ പ്രതിപക്ഷ പാർട്ടികളുടേയും നേതാക്കളെ ഐഎൻഎൽഡി ക്ഷണിച്ചിട്ടുണ്ട്.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച്ച നടത്തിയ ഐഎൻഎൽഡി നേതാവ് ഓംപ്രകാശ് ചൗത്താല പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന് പറഞ്ഞു.
രാജ്യത്തെ ജനങ്ങൾ പ്രയാസത്തിലാണ്. അവരുടെ പ്രയാസങ്ങൾക്ക് ആശ്വാസം നൽകാൻ പ്രതിപക്ഷ ഐക്യത്തിന് കഴിയുമെന്നും ഓം പ്രകാശ് ചൗത്താല വ്യക്തമാക്കി. മതേതര ജനാധിപത്യ പാർട്ടികളുടെ ഐക്യം അനിവാര്യമാണെന്ന നിലപാടാണ് സി.പി.ഐഎമ്മിന് ഉള്ളതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
ജനാധിപത്യത്തെ സംരക്ഷിക്കാൻ പ്രതിപക്ഷ ഐക്യം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം റാലിയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് പാർട്ടിയിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.