നിര്‍ണായക സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇ.പി ജയരാജന്‍ പങ്കെടുക്കും
നിര്‍ണായക സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പങ്കെടുക്കും. ഇ.പിക്കെതിരെ ഉയര്‍ന്ന പരാതിയില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് എന്താകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.
കണ്ണൂരിലെ റിസോര്‍ട്ട് വിവാദുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തന്നെ മറുപടി പറയാനാണ് ഇ.പി.ജയരാജന്റെ തീരുമാനം. നാളെ നടക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തിന്റെ പ്രധാനപ്പെട്ട ചര്‍ച്ചയും ഇതു തന്നെയാകും.
റിസോര്‍ട്ടിലെ മാനേജ്മെന്റിലെ പടലപ്പിണക്കങ്ങളാണ് ആരോപണത്തിന് പിന്നിലെന്നാണ് ഇ.പിയുടെ വാദം. മാത്രമല്ല വ്യവസായം വരുന്നതിനുള്ള അന്തരീക്ഷം ഒരുക്കുകയും അതിനായി വ്യവസായികളെ ഒരുമിപ്പിക്കുകയുമാണ് താന്‍ ചെയ്തത്. ഇതില്‍ പാര്‍ട്ടി വിരുദ്ധമായി ഒന്നുമില്ലെന്ന വാദമാകും ഇ.പി മുന്നോട്ട് വയ്ക്കുക. ആരോപണം ഗൗരവ സ്വഭാവമുള്ളതായതിനാല്‍ അന്വേഷണം നടത്തണമെന്ന പി.ജയരാജന്റെ ആവശ്യവും സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യും. പാര്‍ട്ടി പ്രാഥമികമായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ചര്‍ച്ച.
പരാതിയുള്ള തുടര്‍ നടപടികള്‍ക്കായി ആവശ്യമെങ്കില്‍ അന്വേഷണ കമ്മിഷനെ നിയോഗിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇതു ഒരു തരത്തിലും ചേരിതിരവുണ്ടാക്കരുതെന്ന പോളിറ്റ് ബ്യൂറോയുടെ നിലപാടിന് അനുസരിച്ചാകും പാര്‍ട്ടി നീക്കം. എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാനുള്ള ഇ.പിയുടെ താല്‍പര്യവും യോഗം ചര്‍ച്ച ചെയ്തേക്കും. മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും നിലപാടാകും ഇതില്‍ നിര്‍ണായകമാകുക.