Monday, April 14, 2025
National

വിദ്വേഷ പ്രസംഗം; പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെ പൊലീസ് കേസ്

കർണാടകയിലെ ശിവമോഗ ജില്ലയിൽ വിദ്വേഷ പ്രസംഗം നടത്തിയ ഭാരതീയ ജനതാ പാർട്ടി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെ പൊലീസ് കേസെടുത്തു. ശിവമോഗ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എച്ച്.എസ് സുന്ദരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടെ പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

ഭോപ്പാൽ എംപിക്കെതിരെ 153 എ, 153 ബി, 268, 295 എ, 298, 504, 508 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. അടുത്തിടെ ഒരു ഹിന്ദു അനുകൂല സംഘടന സംഘടിപ്പിച്ച കൺവെൻഷനിൽ സംസാരിക്കവേയാണ് പ്രഗ്യാ സിംഗ് വിദ്വേഷ പരാമർശം നടത്തിയത്. സ്വയം പ്രതിരോധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും, വീടുകളിൽ ആയുധങ്ങൾ സൂക്ഷിക്കാനും ബിജെപി എംപി ആഹ്വാനം ചെയ്തിരുന്നു.

‘നിങ്ങളുടെ വീടുകളിൽ ആയുധങ്ങൾ സൂക്ഷിക്കുക. ഒന്നുമില്ലെങ്കിലും പച്ചക്കറികൾ മുറിക്കാൻ ഉപയോഗിക്കുന്ന കത്തികളെങ്കിലും മൂർച്ചയോടെ സൂക്ഷിക്കുക…. എപ്പോൾ എന്ത് സാഹചര്യമുണ്ടാകുമെന്ന് അറിയില്ല…സ്വയരക്ഷയ്ക്ക് എല്ലാവർക്കും അവകാശമുണ്ട്. ആരെങ്കിലും നമ്മുടെ വീട്ടിൽ നുഴഞ്ഞുകയറി ആക്രമിച്ചാൽ തക്കതായ മറുപടി നൽകുന്നത് നമ്മുടെ അവകാശമാണ്’-ഹിന്ദു ജാഗരണ വേദികെ ദക്ഷിണ മേഖലാ വാർഷിക സമ്മേളനത്തിൽ പ്രഗ്യാ സിംഗ് ഠാക്കൂർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *