Monday, January 6, 2025
National

റഫാൽ കേസ്: പുതിയ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രിംകോടതി

റഫാൽ കേസിൽ പുതിയ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രിംകോടതി. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിംകോടതി തള്ളി. ദസോൾട്ട് ഏവിയേഷനെതിരായ അഴിമതി ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും അന്വേഷണം നടത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

റഫാൽ കരാറുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വീണ്ടും അന്വേഷിക്കണമെന്ന ആവശ്യവുമായാണ് ഒരു അഭിഭാഷകൻ സുപ്രിംകോടതിയെ സമീപിച്ചത്. പുതിയ തെളിവുകളുടെ പശ്ചാത്തലത്തിൽ കേസ് വീണ്ടും അന്വേഷിക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആവശ്യം. എന്നാൽ, ഇത് കോടതി തള്ളി. നേരത്തെ തന്നെ ഈ വിഷയത്തിൽ അന്വേഷണം നടത്തിയതാണെന്നും പുതിയ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

റഫാൽ യുദ്ധവിമാന കരാറിൽ ഇടനിലക്കാരന് ദസോൾട്ട് ഏവിയേഷൻ കൈക്കൂലി നൽകിയെന്ന് വെളിപ്പെടുത്തൽ വന്നതിൻ്റെ പശ്ചാത്തലത്തിലാണ് സുപ്രിംകോടതിയിൽ അഭിഭാഷകൻ ഹർജി സമർപ്പിച്ചത്. ഫ്രഞ്ച് ഓൺലൈൻ ജേണലായ മീഡിയപാർട്ടിന്റേതാണ് പുതിയ വെളിപ്പെടുത്തൽ. 7.5 മില്യൺ യൂറോ ഇടനിലക്കാരന് കൈക്കൂലി നൽകിയെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു.

വ്യാജ ഇൻവോയിസ് ആണ് പണം കൈമാറാനായി ദസോൾട്ട് ഏവിയേഷൻ ഉപയോഗിച്ചത്. 2018ൽ തന്നെ കൈക്കൂലി കൈമാറിയതിന്റെ തെളിവുകൾ ലഭിച്ചിട്ടും അന്വേഷിക്കുന്നതിൽ ഏജൻസികൾക്ക് വീഴ്ച സംഭവിച്ചതായും മീഡിയപാർട്ട് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

7.5 ബില്ല്യൺ യൂറോയ്ക്കാണ് ഇന്ത്യ ദസോൾട്ട് ഏവിയേഷനിൽ നിന്ന് 36 പോർവിമാനങ്ങൾ വാങ്ങിയത്. മൗറീഷ്യസ്‌ ആസ്ഥാനമായ ഇന്റർസ്‌റ്റെല്ലാർ ടെക്‌നോളജീസ് എന്ന കമ്പനി മുഖേനെയാണ് കോഴപ്പണം കൈമാറിയിരിക്കുന്നത്. ഐടി കരാറുകളുടേയും മറ്റ് ബില്ലുകളുടേയും മറവിലാണ് സുഷിൻ ഗുപ്ത എന്ന ഇടനിലക്കാരന് പണം കൈമാറിയത്.

കോഴ കൈമാറിയതിന്റെ വിവരങ്ങൾ ലഭിച്ച് 13 ദിവസം കഴിഞ്ഞ ദിവസം സിബിഐ ഡയറക്ടർ അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. വിവരങ്ങൾ ലഭിച്ചിട്ടും അന്വേഷിക്കാൻ സിബിഐയോ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റോ തയ്യാറായില്ലെന്ന് മീഡിയപാർട്ട് ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *