കശ്മീർ പരാമർശം; കെടി ജലീലിനെതിരെ അന്വേഷണ സംഘത്തെ നിയോഗിച്ച് ഡൽഹി പൊലീസ്
കശ്മീർ പരാമർശത്തിൽ കെടി ജലീലിനെതിരെ കേസെടുക്കണമെന്ന ഹർജിയിൽ അന്വേഷണ സംഘത്തെ നിയോഗിച്ച് ഡൽഹി പൊലീസ്. രാജ്യദ്രോഹം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന ഹർജിയിൽ റോസ് അവന്യൂ കോടതി ഇന്ന് വാദം കേൾക്കാനിരിക്കെയാണ് പൊലീസിൻ്റെ നടപടി. ഇന്ന് രണ്ട് മണിക്ക് ഹർജി പരിഗണിക്കും.
ഇക്കാര്യത്തിൽ ഡൽഹി പൊലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. സുപ്രിംകോടതി അഭിഭാഷകനായ മണി ഡൽഹി പൊലീസ് കമ്മീഷണർക്ക് നൽകിയ അപ്പീലിൻ്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയത്. ഇതിനു തുടർച്ച ആയാണ് ഇപ്പോൾ അന്വേഷണ സംഘത്തെ നിയോഗിച്ചത്. എസ്എച്ച്ഓ രാഹുൽ രവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് അന്വേഷിക്കുക.
വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ കെ.ടി ജലീലിനെതിരെ പത്തനംതിട്ട കീഴ്വായ്പ്പൂർ പൊലീസും കേസെടുത്തിരുന്നു. 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കൽ, പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് എന്നീ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
തീവ്ര നിലപാടുള്ള ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പർദ വളർത്താൻ ശ്രമിച്ചെന്നുമാണ് എഫ്ഐആർ. പാകിസ്താനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം “ആസാദ് കാശ്മീർ” എന്നറിയപ്പെട്ടു എന്നാണ് ജലീലിന്റെ ലേഖനത്തിലുള്ളത്. വിഭജന കാലത്ത് കശ്മീരിനെയും രണ്ടായി പകുത്തെന്നും ലേഖനത്തിൽ ജലീൽ പറയുന്നു.
ഇന്ത്യൻ അധീന കശ്മീർ എന്നും കുറിപ്പിൽ ജലീൽ പ്രയോഗിക്കുന്നുണ്ട്. ജമ്മുവും കാശ്മീർ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ എന്നാണ് ജലീലിന്റെ കുറിപ്പിൽ വിശദീകരിക്കുന്നത്. ആദ്യം ന്യായീകരിച്ചെങ്കിലും വിവാദങ്ങൾ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണെന്ന് ജലീൽ വ്യക്തമാക്കി.