മമത ബാനർജിയുടെ പരിക്ക് പൊതുവികാരം മുതലെടുക്കാൻ; അധീർ രഞ്ജൻ ചൗധരി
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വിമർശിച്ച് കോൺഗ്രസ്. മമത ബാനർജിയുടെ പരിക്ക് ജനവികാരം മുതലെടുക്കാനാണെന്ന് അധീർ രഞ്ജൻ ചൗധരി. മോശം കാലാവസ്ഥയെത്തുടർന്ന് ചൊവ്വാഴ്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു. ഇതിനിടെയാണ് മമതയ്ക്ക് പരിക്കേറ്റത്.
സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാൻ മമത ബാനർജി മിടുക്കിയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം അടവ് പതിവാണ്. നേരത്തെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമതയ്ക്ക് പരിക്കേറ്റതായി വാർത്തകൾ വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബംഗാൾ മുഖ്യമന്ത്രി നേരെ നടക്കുമെന്ന് ഞാൻ അന്ന് പറഞ്ഞിരുന്നു. ജനങ്ങളുടെ വികാരം മുതലെടുക്കാൻ വേണ്ടി മാത്രമാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നതെന്നും അധീർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി.
ജൂലൈ എട്ടിന് നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ശേഷം കൊൽക്കത്തയിലേക്ക് മടങ്ങുമ്പോഴാണ് മമതയ്ക്ക് പരിക്കേറ്റത്. ബാനർജിക്ക് ഇടത് കാൽമുട്ടിനും ഇടത് ഹിപ് ജോയിന്റിനും ലിഗമെന്റിനും പരിക്കേറ്റുവെന്നാണ് വിവരം. നിലവിൽ അവർ വീട്ടിൽ ചികിത്സയിലാണ്. ബുധനാഴ്ച ബാനർജിയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വിശ്രമിക്കാൻ ഡോക്ടർമാർ നിർദേശം നൽകുകയായിരുന്നു.