അധ്യാപക നിയമന അഴിമതി: പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടെ ചോദ്യം ചെയ്യൽ നീളും
കൊൽക്കത്ത: അധ്യാപക നിയമന അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ ചോദ്യം ചെയ്യൽ നീളും. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടിയ സാഹചര്യത്തിലാണ് നടപടികൾ നീളുന്നത്. ആശുപത്രി വിട്ടാൽ ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. രണ്ട് ദിവസമാണ് ചോദ്യം ചെയ്യലിനായി കോടതി ഇഡിക്ക് അനുവദിച്ചിരിക്കുന്നത്. മന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായി അർപിത ചാറ്റർജിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത രേഖയിൽ മന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന രേഖകൾ ഉണ്ടെന്നാണ് ഇഡിയുടെ വാദം. അതേ സമയം രാഷ്ട്രീയ പ്രേരിത നീക്കമെന്നാണ് തൃണമൂൽ കോൺഗ്രസ് ആവർത്തിക്കുന്നത്.
അടുത്ത അനുയായിയായ അർപ്പിത മുഖർജിയുടെ വസതിയിൽ നിന്ന് 20 കോടി രൂപയുടെ നോട്ടുകൾ കണ്ടെടുത്തതായിരുന്നു പാർത്ഥ ചാറ്റർജിക്ക് കുരുക്കായത്. ഇതിന് പിന്നാലെയാണ് വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതും പാർത്ഥയെ അറസ്റ്റ് ചെയ്തതും.
കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിലാണ് അർപ്പിതയുടെ വീട്ടിൽ നിന്ന് 20 കോടി രൂപ കണ്ടെടുത്തത്. പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷനിലെയും പശ്ചിമ ബംഗാൾ പ്രൈമറി എജുക്കേഷൻ ബോർഡിലെയും റിക്രൂട്ട്മെന്റ് അഴിമതിയിൽ നിന്നുള്ള വരുമാനമാണ് ഈ തുകയെന്നാണ് ഇ ഡിയുടെ സംശയം. ബംഗാളിലെ മുൻ വിദ്യാഭ്യാസമന്ത്രിയായിരുന്നു പാർത്ഥ ചാറ്റർജി. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് അഴിമതിയിൽ പങ്കുണ്ടെന്നാണ് ഇ ഡി സംശയിക്കുന്നത്. ബംഗാൾ രാഷ്ട്രീയത്തിൽ വലിയ വിവാദത്തിന് തിരി കൊളുത്തിരിക്കുകയാണ് സംഭവം. അർപ്പിതയുടെ വീട്ടിൽ നിന്ന് 2000, 500 നോട്ടുകളായിട്ടാണ് പണം കണ്ടെടുത്തത്. നോട്ടെണ്ണൽ യന്ത്രത്തിന്റെ സഹായത്തോടെയാണ് എണ്ണി പൂർത്തിയാക്കിയത്.